പത്തനംതിട്ട: സംസ്ഥാനത്ത് കഴിഞ്ഞ 42 മാസം കൊണ്ട് 15.40 കോടി രൂപ വരുമാനം പി.ഡബ്യൂ.ഡി വിശ്രമ കേന്ദ്രങ്ങളിൽ നിന്നു ലഭിച്ചുവെന്ന് പൊതുമരാമത്ത്‌​ മന്ത്രി ജി.സുധാകരൻ പറഞ്ഞു. വിശ്രമ കേന്ദ്രങ്ങളിലൂടെ ലഭിക്കുന്ന വാടകയിൽ നിന്ന് സംസ്ഥാനത്തിന്റെ വരുമാനം ഉയർത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആറന്മുളയിലെ പി.ഡബ്യൂ.ഡി വിശ്രമ കേന്ദ്രത്തിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഇനിയുള്ള 18 മാസം കൊണ്ട് മൂന്നു കോടി രൂപയിലേറെ വരുമാനം പി.ഡബ്യൂ.ഡി വിശ്രമ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കും. 1071 മുറികളും അഞ്ചു കോൺഫറൻസ് ഹാളുകളും ചേർത്ത് വാടകയായി 300 ശതമാനം വരുമാനമാണ് ലാഭമായി ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.
വീണാ ജോർജ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐഷ പുരുഷോത്തമൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസാദ് വേരുങ്കൽ, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് വിക്ടർ ടി. തോമസ്, കെട്ടിടവിഭാഗം ചീഫ് എൻജിനീയർ ഹൈഗീൻ ആൽബർട്ട്, കെട്ടിടവിഭാഗം ദക്ഷിണമേഖല സൂപ്രണ്ടിംഗ് എൻജിനീയർ ആർ.സാബു, കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ വി.വി അജിത് കുമാർ എന്നിവർ പങ്കെടുത്തു.