ശബരിമല: ശബരിമലയിൽ ആചാരം ഏത് അനാചാരം ഏത് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥാണിപ്പോൾ. മാളികപ്പുറം ക്ഷേത്രത്തിൽ നടക്കുന്ന അനാചാരങ്ങൾ പലപ്പോഴും അപകടങ്ങൾക്കും ഇടയാക്കുന്നു. ക്ഷേത്രത്തിന് മുൻവശത്തെ മുഖമണ്ഡപത്തിന് മുകളിലേക്ക് മാളികപ്പുറത്തമ്മക്ക് സമർപ്പിക്കുവാൻ കൊണ്ടു വരുന്ന പട്ടുകളും പൂജാ ദ്രവ്യങ്ങളും വലിച്ചെറിയുന്ന അനാചാരമാണ് ഇപ്പോൾ അപകട കാരണമാകുന്നത്. ഇങ്ങനെ ഒരു ആചാരം ഇല്ലെന്നിരിക്കെ പട്ടിനുള്ളിൽ തേങ്ങയുൾപ്പെടെ പൊതിഞ്ഞ് എറിയുന്നത് കാരണം മുഖമണ്ഡപത്തിന്റെ ഓടുകൾ തകർന്ന് ഇവിടെ ജോലി നോക്കി വരുന്ന ജീവനക്കാർക്കും നിരവധി ഭക്തർക്കും പരിക്കേൽക്കുന്നതും പതിവാണ്.
കഴിഞ്ഞ മണ്ഡലകാലത്ത് ഓട് തലയിൽ വീണ് ജീവനക്കാരന് പരിക്കേറ്റിരുന്നു. അന്യസംസ്ഥാനത്ത് നിന്ന് എത്തുന്ന തീർത്ഥാടകരാണ് ഇല്ലാത്ത ആചാരങ്ങളുടെ പിന്നാലെ പായുന്നത്. കൊച്ചു കുട്ടികളെ തോളിൽ കയറ്റിയിരുത്തി പട്ടുകൾ ശേഖരിക്കുന്ന അപകടകരമായ കാഴ്ചയും ഇവിടെ കാണാം. മണ്ഡപത്തിന് മുകളിൽ കിടക്കുന്ന പട്ടുകൾ ശേഖരിക്കാൻ തീർത്ഥാടകർ തിരക്ക് കൂട്ടുന്നതും അപകട കാരണമാകുന്നു. ഇവിടെ ഡ്യൂട്ടിയിലുണ്ടാകുന്ന പൊലീസുകാർ ഇത് തടയാൻ ശ്രമിക്കാറുണ്ടെങ്കിലും ഫലമുണ്ടാകാത്തതിനാൽ ഇപ്പോൾ ഇവരും ഗൗനിക്കാറില്ല. മാളികപ്പുറത്ത് തന്നെയുള്ള മരത്തിന്റെ ശിഖരങ്ങളിൽ തൊട്ടിൽ കെട്ടുക, പോളിഷ് ചെയ്ത് മനോഹരമാക്കിയിരുന്ന ചുവരുകളിൽ ഭസ്മത്തിൽ കൈമുക്കി പതിക്കുക. ഭസ്മവും കളഭവും സിന്ദൂരവും വാരി വിതറുക എന്നിങ്ങനെയുള്ള വിശ്വാസങ്ങളും തുടരുകയാണ്. മുൻപ് ആരോ ചെയ്ത കാര്യം ആചാരം എന്ന മട്ടിൽ പിന്തുടരുമ്പോൾ എങ്ങനെയാണ് ഇവ ഇല്ലാതാക്കുമെന്ന ചിന്തയിലാണ് തന്ത്രിയും മേൽശാന്തിയും ഉൾപ്പെടെയുളളവർ .