sabarimala

ശബരിമല: തീർത്ഥാടക ചരിത്രത്തോളം പഴക്കമുള്ള വഴിപാട് വെടി ഇത്തവണയും ശബരിമലയിൽ മുഴങ്ങിയില്ല. വഴിപാട് നിലച്ചതോടെ രണ്ടു സീസണുകളിലായി ദേവസ്വം ബോർഡിന് നഷ്ടം 30 ലക്ഷത്തോളം രൂപയാണ്.

ലൈസൻസ് പുതുക്കുന്നതിൽ ബോർഡ് ഉദ്യോഗസ്ഥർ കാട്ടിയ അലംഭാവമാണ് കഴിഞ്ഞ സീസണിൽ വഴിപാട് മുടങ്ങാൻ കാരണം. ഇക്കുറി സീസൺ തുടങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും വഴിപാട് പുനരാരംഭിക്കാനായിട്ടില്ല.

ഈ വർഷവും കരാറിനത്തിൽ ഉൾപ്പെടുത്തിയെങ്കിലും ദേവസ്വം ബോർഡിന് ലൈസൻസ് ഇല്ലാത്തതിനാൽ ലേലം ഉറപ്പിക്കാനായില്ല.മൂന്ന് തരത്തിലുള്ള ലൈസൻസാണ് വേണ്ടത്. ഇതിൽ എക്സ് പ്ളോസീവ് ഡയറക്ടറുടെ ലൈസൻസ് കഴിഞ്ഞ ദിവസം ലഭ്യമായി. ജില്ലാ ഭരണകൂടം നൽകുന്ന ലൈസൻസിന്റെ കാലാവധി കഴിഞ്ഞ നവംബർ 11 ന് അവസാനിച്ചു. പുതുക്കുന്നതിന് നാല് ദിവസം മുൻപ് മാത്രമാണ് അപേക്ഷ സമർപ്പിച്ചത്.

പരമ്പാരഗത പാതയായ കരിമല, ശബരീപീഠം, ശരംകുത്തി, സന്നിധാനം, മാളികപ്പുറം എന്നിവിടങ്ങളിലാണ് മുമ്പ് വഴിപാട് വെടി നടത്തിയിരുന്നത്.. അയ്യപ്പസ്വാമി ആയോധനകല അഭ്യസിച്ചതായി വിശ്വസിക്കുന്ന ചീരപ്പൻചിറ കുടുംബത്തിനായിരുന്നു മുമ്പ് വെടിവഴിപാട് നടത്താനുള്ള അവകാശം. 40 വർഷങ്ങൾക്ക് മുൻപ് ഈ അവകാശം ദേവസ്വം ബോർഡ് കൈക്കലാക്കി. അതിനു ശേഷം , ബോർഡ് ലേലം ചെയ്ത് നൽകുകയാണ്. സ്ഥലമില്ലെന്നും വെടി ശബ്ദം വന്യമൃഗങ്ങൾക്ക് ഭീഷണിയാണെന്നുമുള്ള വനം വകുപ്പിന്റെ വാദത്തെ തുടർന്ന് കരിമല, ശബരീപീഠം, ശരംകുത്തി എന്നിവിടങ്ങളിലെ വെടി വഴിപാട് നിറുത്തലാക്കി. പിന്നീട് സന്നിധാനത്തും മാളികപ്പുറത്തും മാത്രമായി.. പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തോടെ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി.

വേണ്ടത് മൂന്നിനം

ലൈസൻസ്

1..കേന്ദ്ര പെട്രോളിയം ആൻഡ് എക്സ് പ്ളോസീവ് സേഫ്റ്റി ഓർഗനൈസേഷന്റെ ലൈസൻസ്.

2.. ദേവസ്വം കമ്മിഷണറുടെ പേരിൽ എ.ഡി.എം നൽകുന്ന എൽ.ഇ 2 ലൈസൻസ്.

3.. കരാറുകാരനുള്ള എക്സ് പ്ളോസീവ് ലൈസൻസ്.

'എം.ഡി. എം നൽകുന്ന ലൈസൻസ് പുതുക്കുന്നതിന് അപേക്ഷ നൽകി. ഇത് ലഭിച്ചാൽ ഉടൻ വെടിവഴിപാട് പുനരാരംഭിക്കും. '..

-രാജേന്ദ്ര പ്രസാദ്, എക്സിക്യൂട്ടീവ് ഓഫീസർ,

ശബരിമല ദേവസ്വം.