പത്തനംതിട്ട : കേരള സ്കൂൾ കലോത്സവത്തിൽ ജില്ലയ്ക്ക് അഭിമാനമായി കിടങ്ങന്നൂർ എസ്.വി.ജി.വി എച്ച്.എസ്.എസ്. സംസ്ഥാന തലത്തിൽ 975 സ്കൂളുകളെ പിന്നിലാക്കി കിടങ്ങന്നൂർ മൂന്നാം സ്ഥാനത്തെത്തി. ഇരുപത്തിയാറ് വിഭാഗങ്ങളിലായി നൂറിലധികം വിദ്യാർത്ഥികൾ സംസ്ഥാന സ്കൂൾ കലോത്സവമേളയിൽ മാറ്റുരച്ചു. സംഘഗാനവും തിരുവാതിരയും ബി ഗ്രേഡ് ആയെങ്കിലും പങ്കെടുത്ത മറ്റ് വിഭാഗങ്ങളിലെല്ലാം എ ഗ്രേഡ് നേടിയാണ് കിടങ്ങന്നൂരിലെ ചുണക്കുട്ടികൾ കാഞ്ഞങ്ങാട്ടു നിന്ന് മടങ്ങിയത്. 112 പോയിന്റാണ് ഇവർക്കാണ് ലഭിച്ചത്. 2006-2007 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനത്തെത്തിയ പാരമ്പര്യവും കിടങ്ങന്നൂർ സ്കൂളിനുണ്ട്. ഇതിനിടയിൽ നാടോടി നൃത്തം അവതരിപ്പിച്ച ഒരു കുട്ടി കാല് മടങ്ങി പരിക്കേൽക്കുകയും ചെയ്തു. എന്നിട്ടും നൃത്തം പൂർത്തിയാക്കി എഗ്രേഡോടെയാണ് അഷ്ടമി എന്ന വിദ്യാർത്ഥി മടങ്ങിയത്. പഠനത്തോടൊപ്പം കലകൾക്കും കുട്ടികളുടെ കഴിവിനും പ്രാധാന്യം നൽകിയാണ് അദ്ധ്യയനം നടത്തുന്നതെന്ന് അദ്ധ്യാപിക അർച്ചന പറയുന്നു. പതിനഞ്ച് വർഷത്തിന് ശേഷമാണ് തിരുവാതിരയ്ക്ക് സംസ്ഥാന തലത്തിൽ മത്സരിക്കുന്നത്. അത് വലിയ സന്തോഷം നൽകിയിരുന്നു. ഈ വർഷം റിട്ടയർ ചെയ്യുന്ന ഹെഡ്മിസ്ട്രസ് ശ്യാമള ടീച്ചറിന്റെ വലിയൊരാഗ്രഹമായിരുന്നു ഇത്. പ്രിൻസിപ്പൽ പ്രീതയും ഒപ്പം ചേർന്നപ്പോൾ കുട്ടികൾക്ക് ആവേശമായി. പരിശീലകരെ പുറത്ത് നിന്ന് കൊണ്ടു വന്നും അദ്ധ്യാപകരുടെ നിർദേശങ്ങളിലൂടെയുമായിരുന്നു ഒരോ കുട്ടിയേയും പരിശീലിപ്പിച്ചിരുന്നത്. രചനാമത്സരം, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, തിരുവാതിര, സംഘഗാനം, സംഘനൃത്തം തുടങ്ങി ഭൂരിഭാഗം മത്സരങ്ങളിലെല്ലാം വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. വളരെയധികം കഴിവുള്ള മിടുക്കരായ വിദ്യാർത്ഥികളാണ് ഞങ്ങളുടെ സമ്പത്തെന്നും അദ്ധ്യാപകർ പറയുന്നു.