അടൂർ: ജനറൽ ആശുപത്രിക്ക് സമീപമുള്ള പഴയ പ്രൈവറ്റ് ബസ്റ്റാന്റ് ഭാഗത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസും നഗരസഭയും ചേർന്ന് നടപടി സ്വീകരിച്ചു. കഴിഞ്ഞ 5 വർഷത്തോളമായി ഇവിടെ ബസ് കയറാത്തതിനാൽ വഴിയോര കച്ചവടക്കാരും കൈയേറിയതോടെ സ്വകാര്യ ബസുകൾക്ക് കയറ്റി നിറുത്തുന്നതിന് ഇടമില്ലാതെയായി. ഇതിനെ തുടർന്ന് റോഡിന്റെ ഓരത്ത് അലക്ഷ്യമായി ബസുകൾ പാർക്ക് ചെയ്യുന്നത് ഈ മേഖലയിൽ ഗതാഗത കുരുക്കും അപകടങ്ങളും വർദ്ധിച്ചതോടെയാണ് ഈ നടപടി. ഡി.വൈ.എസ്.പി ജവഹർ ജനാർദ്ദ് പ്രത്യേക താൽപര്യമെടുത്ത് ഇവിടെ ബസുകൾ കയറ്റുന്നതിന് നടപടി സ്വീകരിക്കുകയായിരുന്നു. ഇവിടെ നിന്നും ഒഴിപ്പിച്ച വ്യാപാരികൾക്ക് സമീപത്തുള്ള സ്ഥലമൊരുക്കി വ്യാപാരം ചെയ്യുന്നതിന് സൗകര്യവുമൊരുക്കി.സ്റ്റാന്റിൽ തണൽ വിരിച്ച് നിൽക്കുന്ന മരത്തിൽ അപകടകരമാം വിധം ഉണങ്ങി നിന്ന ശിഖരങ്ങൾ മുറിച്ചുനീക്കുകയും ചെയ്ത ശേഷം ഡി.വൈ.എസ്.പിയുടെ നിയന്ത്രണത്തിൽ ബസുകൾ ഇവിടെ പ്രവേശിച്ചു. ഈ മേഖലയിൽ റോഡിന്റെ ഓരത്ത് ബസ് നിറുത്തി യാത്രക്കാരെ കയറ്റിയിറക്കാൻ ഇനി അനുവദിക്കില്ല. യാത്രക്കാരുമായി വരുന്ന ബസുകൾ താൽക്കാലിക സ്റ്റാന്റിൽ കയറി യാത്രക്കാരെ കയറ്റി ഇറക്കണം. ഈ നടപടിയോടെ ഈ ഭാഗത്തുണ്ടാകുന്ന ഗതാഗത കുരുക്കിന് ഒരളവിൽ പരിഹാരമാകും.