പത്തനംതിട്ട : കലോത്സവ വേദികളിൽ അച്ഛനായിരുന്നു ശിവജ്യോതിയെ കൊണ്ടു പോയിരുന്നത്. എന്നാൽ കഴിഞ്ഞ 24ന് അച്ഛന്റെ ചേതനയറ്റ ശരീരം കണ്ട ശിവജ്യോതി ഇനി കലോത്സവത്തിന് പോകുന്നില്ലായെന്ന് ഉറച്ചു. ഒടുവിൽ അദ്ധ്യാപകരുടെയും കൂട്ടുകാരുടെയും നിർബന്ധത്തിന് വഴങ്ങി കഥയെഴുതിയ ശിവജ്യോതി എ ഗ്രേഡുമായാണ് കാഞ്ഞങ്ങാട്ട് നിന്ന് മടങ്ങിയത്. ഒരോ വരിയും അച്ഛനെ ഓർത്താണ് എഴുതിയത്. കണ്ണ് നിറഞ്ഞ് കലങ്ങിയെങ്കിലും അച്ഛന്റെ ആഗ്രഹം നേടിയല്ലോ എന്ന സന്തോഷമാണ് ചെന്നീർക്കര എസ്.എൻ.ഡി.പി എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാർത്ഥിയായ ശിവജ്യോതിയ്ക്ക്. ഹൈദരബാദിൽ ഐ.ടി ഉദ്യോഗസ്ഥനായ വടക്കേതിൽ അഞ്‌ജനത്തിൽ എ.സി.ബിജി മകളെ കലോത്സവത്തിന് കൊണ്ടു പോകാൻ വിമാനത്താവളത്തിലെത്തിയപ്പോൾ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.