കോന്നി : വീടിനുള്ളിൽ ഉറങ്ങിക്കിടന്ന വൃദ്ധ തീപ്പൊള്ളലേറ്റ് മരിച്ചു. അതിരുങ്കൽ ചെറുപുഷ്പവിലാസത്തിൽ ഭാർഗവിയമ്മ (85) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് സംഭവം. വീടിനുള്ളിൽ തീ പടർന്നുപിടിച്ചതിനെ തുടർന്ന് ഭാർഗവിയമ്മയുടെ ഭർത്താവ് ശ്രീധരൻ പിള്ളയെ നാട്ടുകാർ രക്ഷിച്ച് പുറത്തെത്തിച്ചു. ആസ്ബസ്റ്റോസ് ഷീറ്റ് ഉപയോഗിച്ച് നിർമ്മിച്ച വീടിന്റെ മേൽക്കൂര പൂർണ്ണമായും കത്തി നശിച്ച നിലയിലാണ്. തീ ആളിപടർന്നതിനെ തുടർന്ന് ഭാർഗവിയമ്മ ഉറങ്ങി കിടന്നിരുന്ന മുറി പൂർണ്ണമായും അഗ്‌നിക്കിരയായി. തീ പടർന്നു പിടിക്കുന്നത് കണ്ട് ഭർത്താവ് ശ്രീധരൻപിള്ള ഭാർഗവിയമ്മയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നേരിയ പൊള്ളലേറ്റ ശ്രീധരൻ പിള്ളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോന്നിയിൽ നിന്ന് ഫയർഫോഴ്‌സ് സംഘം എത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.