പത്തനംതിട്ട : ഇരുചക്ര വാഹനക്കാർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയതോടെ പൊലീസും മോട്ടോർ വാഹനവകുപ്പും കർശന പരിശോധനയുമായി മുമ്പോട്ട് പോകുകയാണ്. മോട്ടോർ വാഹന വകുപ്പിന് മാത്രം ഇന്നലെ 26 കേസുകൾ റിപ്പോർട്ട് ചെയ്തു. ഹെൽമറ്റ് വയ്ക്കാതെ വന്നവരിൽ നിന്ന് 30,500 രൂപ പിഴ ഈടാക്കി. നിർത്താതെ പോയ ആറ് ബൈക്ക് യാത്രികരുടെ ഫോട്ടോ എടുത്തിട്ടുണ്ട്. അവർക്ക് പിഴയടയ്ക്കാൻ നോട്ടീസ് അയക്കും. പൊതുവേ സമ്മിശ്ര പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്ന് ലഭിച്ചത്. ഭൂരിഭാഗവും നല്ലത് എന്ന് അഭിപ്രായപ്പെടുമ്പോഴും ഒരു ലിഫ്റ്റ് ചോദിച്ചാൽ കൊടുക്കാൻ പോലും പറ്റില്ലെന്ന് ബിരുദവിദ്യാർത്ഥികൾ പറയുന്നു. എപ്പോഴും രണ്ട് ഹെൽമറ്റ് കരുതേണ്ടി വരുന്നത് ബുദ്ധിമുട്ടാണെന്ന അഭിപ്രായവും ഹെൽമറ്റ് വാങ്ങാനെത്തിയ വിദ്യാർത്ഥികൾക്കുണ്ട്.
ഇന്നലെ നടന്ന പരിശോധനയിൽ
- 26 കേസുകൾ, ഇൗടാക്കിയ പിഴ: 30500രൂ
ഹെൽമറ്റ് ഉപയോഗിക്കാതെ വാഹനമോടിച്ചാൽ പിഴ: 500 രൂ
കടകളിൽ സ്റ്റോക്കില്ല
പിന്നിൽ ഇരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമായതിനാൽ കടകളിൽ തിരക്കാണ്. കുട്ടികളുടെയും സ്ത്രീകളുടെയും ഹെൽമറ്റിനാണ് ആവശ്യക്കാരേറെ. സ്റ്റോക്ക് കുറഞ്ഞതോടെ കടക്കാരും പ്രതിസന്ധിയിലാണ്. മുമ്പ് കുട്ടികളുടെ ഹെൽമറ്റിന് ആവശ്യക്കാർ കുറവായിരുന്നു. ഇപ്പോൾ സ്ത്രീകളും കുട്ടികളുമാണ് ഹെൽമറ്റ് വാങ്ങാൻ എത്തുന്നവരിലധികവും. കുട്ടികളുടെ ഹെൽമറ്റിനാണ് വില കൂടുതൽ. വിദ്യാർത്ഥികൾ കൂടുതലും ബ്രാൻഡഡ് ഹെൽമറ്റുകൾക്കാണ് മുൻതൂക്കം നൽകിയിരിക്കുന്നത്. ബ്രാൻഡഡ് ഹെൽമറ്റുകൾ 1795 രൂപ മുതൽ 6000 രൂപ വരെയാണ് വില. ഇനിയും കൂടാനാണ് സാദ്ധ്യത. കഴിഞ്ഞ ആഴ്ചയിലേതിനേക്കാൾ കൂടുതലാണ് ഇപ്പോൾ വിപണി വില. നൂറ് രൂപയിലധികം വ്യത്യാസമുണ്ട് ഇപ്പോൾ.
ഹെൽമെറ്റുകൾ
സാധാരണ ഉപയോഗിക്കുന്നവ : 750 രൂ മുതൽ
സ്ത്രീകളുടെ ഹെൽമെറ്റ് : 770 - 1200 രൂപ
കുട്ടികളുടെ ഹെൽമെറ്റ് : 950 രൂ
ബ്രാൻഡഡ് : 1795 - 6000 രൂപ
ലൈറ്റ് വെയ്റ്റ് : 900 രൂപ