പത്തനംതിട്ട: റേഷൻ കടയിൽ പച്ചരി കിട്ടാനില്ല. മറ്റ് കടകളിൽ പൊളളുന്ന വിലയും. രണ്ട് മാസമായി ഇതാണ് സ്ഥിതി. കേന്ദ്രം കേരളത്തിന് തരുന്ന വിഹിതത്തിൽ പച്ചരിയില്ലെന്നാണ് സിവിൽ സപ്ളൈസ് അധികൃതർ പറയുന്നത്. കേന്ദ്ര വിഹിതം മൊത്തത്തിൽ കുറഞ്ഞതിനാൽ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന കുത്തരിയാണ് ഇപ്പോൾ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നത്. വെളള അരിക്കും ക്ഷാമമായി.
വെളള റേഷൻ കാർഡുളള എ.പി.എൽ വിഭാഗത്തിന് കിലോയ്ക്ക് 10.90 രൂപയ്ക്കാണ് പച്ചരിയും കുത്തരിയും വെളള അരിയും കിട്ടുന്നത്. നീല കാർഡുളളവർക്ക് നാല് രൂപയ്ക്കും ചുവന്ന കാർഡുളളവർക്ക് രണ്ട് രൂപയ്ക്കും മഞ്ഞ കാർഡുളളവർക്ക് സൗജന്യമായുമാണ് അരി ലഭിക്കുന്നത്.
റേഷൻ കടകളിൽ നിന്ന് പച്ചരി കിട്ടാതായതോടെ പുറത്തെ കടകളിൽ കിലോയ്ക്ക് 30-35 രൂപയ്ക്കാണ് പച്ചരി വിൽക്കുന്നത്. പച്ചരി വരവ് കുറഞ്ഞതു കൊണ്ടാണ് വില കൂടിയതെന്ന് വ്യാപാരികൾ പറയുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ പച്ചരി റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നത് അടൂർ താലൂക്കിലാണ്. എന്നാൽ, താലൂക്കിലെ റേഷൻ കടകളിൽ ഇപ്പോൾ പച്ചരിയില്ല. ഇവിടെയാണ് പുറത്തെ കടകളിൽ 35 രൂപയ്ക്ക് വരെ പച്ചരി വിൽക്കുന്നത്. പച്ചരി കുറഞ്ഞതോതിൽ ചെലവാകുന്ന റാന്നി താലൂക്കിലെ ചില റേഷൻ കടകളിൽ പച്ചരി ലഭിക്കുന്നുണ്ട്. ഇത് പഴയ സ്റ്റോക്കാണെന്നും ഇപ്പോൾ പച്ചരി വരുന്നില്ലെന്നും റേഷൻ കടക്കാർ പറയുന്നു. ഇവിടെയും 30രൂപ മുതലാണ് പുറത്തെ കടകളിൽ പച്ചരി വിൽക്കുന്നത്.
>>
" എഫ്.സി.എെ ഗോഡൗണിൽ നിന്ന് ഇപ്പോൾ കുത്തരിയാണ് ലഭിക്കുന്നത്. പച്ചരി ആവശ്യപ്പെട്ടിട്ടും കിട്ടിയില്ല. ഡിസംബറിൽ ലഭിക്കുന്നതും കുത്തരിയാണ്.
എം.ബീന, ജില്ലാ സപ്ളൈ ഒാഫീസർ.