അടുർ: നാലാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേള 2020 ഫെബ്രുവരി 28 മുതൽ മാർച്ച് 3 വരെ അടൂർ സ്മിത തീയേറ്ററിൽ നടക്കുമെന്ന് ഫെസ്റ്റിവൽ ചെയർമാൻ ചിറ്റയം ഗോപകുമാർ എം.എൽ എ,ഫെസ്റ്റിവൽ ഡയറക്ടർ ഡോ.ബിജു, ജനറൽ കൺവീനർ.സി.സുരേഷ് ബാബു.രാജീവ് പി.പെരുംപുഴ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.ലോകസിനിമ, ഇന്ത്യൻ സിനിമ പ്രാദേശിക സിനിമ എന്നീ മൂന്ന് വിഭാഗങ്ങളിലായി 12 ചിത്രങ്ങൾ പ്രദർശിപ്പിക്കും. കൂടാതെ മാസ്റ്റഴ്സ് വിഭാഗത്തിൽ നിന്നും ചിത്രങ്ങൾ ഉണ്ടാക്കും. അന്യഭാഷാചിത്രങ്ങൾ എല്ലാം മലയാളം സബ്ടൈറ്റിലുകളൊടെയാണ് പ്രദർശിപ്പിക്കുന്നത്. പ്രാദേശിക ചലച്ചിത്ര പ്രവർത്തകരെ ഉൾപ്പെടുത്തി ചർച്ചകളും സംഘടിപ്പിച്ചിട്ടുണ്ട്.ചലച്ചിത്ര മേളയോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ ഷോർട്ട് ഫിലിം മത്സരം നടത്തുകയും സമ്മാനാർഹമാകുന്ന ചിത്രങ്ങൾ ഉൾപ്പടെ തെരഞ്ഞെടുക്കപ്പെടുന്ന 10 ഷോർട്ട് ഫിലിമുകൾ മേളയിൽ പ്രദർശിപ്പിക്കും.ദേശീയ അവാർഡ് ജേതാവും ഛായാഗ്രാഹകനുമായിരുന്ന എം.ജെ രാധാകൃഷ്ണനെ അനുസ്മരിച്ചുള്ള പ്രത്യേക ചടങ്ങ് ഈ മേളയോടനുബന്ധിച്ച് സംഘടിപ്പിക്കും. മൂന്ന് ദിവസങ്ങളിലായി സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്ര മേളയിൽ കേരളത്തിനകത്തു നിന്നും പുറത്ത നിന്നുമായി നിരവധി ചലച്ചിത്ര പ്രവർത്തകരും അഭിനേതാക്കളും പങ്കെടുക്കുമെന്നും സംഘാടകർ പറഞ്ഞു.