പത്തനംതിട്ട: ജില്ലാ സ്കൂൾ കലോത്സവത്തിൽ തബല മത്സരത്തിലെ വിധി നിർണയത്തിലെ അപാകത ചൂണ്ടിക്കാട്ടി ലോകായുക്തയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ച് സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത ഒാമല്ലൂർ ഗവ. എച്ച്. എസ്.എസ്.എസിലെ ആഷാദ് എസ്.ബിജുവിന് എ ഗ്രേഡ്.
റാന്നിയിൽ നടന്ന ജില്ലാ കലോത്സവത്തിൽ തബല മത്സരത്തിലെ വിധി നിർണയത്തിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. ഒരു തബലവായനക്കാരൻ തന്റെ ശിഷ്യന് വിധികർത്താവിനെ സ്വാധീനിച്ച് ഒന്നാം സ്ഥാനം നേടിക്കൊടുത്തുവെന്നായിരുന്നു പരാതി. ഒന്നാം സ്ഥാനക്കാരനിൽ നിന്ന് 9 പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനമാണ് ആഷാദിന് ലഭിച്ചത്. വിധി നിർണയത്തിലെ അപാകതയ്ക്കെതിരെ ആഷാദ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് കൊടുത്ത അപ്പീൽ തളളിയിരുന്നു. ആകെയുണ്ടായിരുന്ന 90അപ്പീലുകളിൽ പത്തെണ്ണം മാത്രമാണ് അനുവദിച്ചത്. ഇതേ തുടർന്നാണ് ആഷാദ് ലോകായുക്തയെ സമീപിച്ച് സംസ്ഥാന കലോത്സവത്തിൽ മത്സരിക്കാൻ യോഗ്യത നേടിയത്. കാസർകോട്ട് നടന്ന കലോത്സവത്തിൽ ജില്ലയിലെ ഒന്നാം സ്ഥാനക്കാരനേക്കാൾ പോയിന്റ് കരസ്ഥമാക്കിയാണ് ആഷാദ് എ ഗ്രേഡ് നേടിയത്.
നേരത്തേ നടന്ന ജില്ലാ കലോത്സവത്തിൽ ആഷാദിനായിരുന്നു ഒന്നാം സ്ഥാനം. പത്ത് വർഷമായി തബല അഭ്യസിക്കുന്ന ആഷാദിന്റെ ഗുരു കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ് അടൂർ വിജയരാജനാണ്.
പത്തനംതിട്ട ഹെഡ്പോസ്റ്റ് ഒാഫീസിലെ ഹെഡ് പോസ്റ്റുമാൻ വളളിക്കോട് സാന്ദ്രം വീട്ടിൽ ബിജുവിന്റെയും ഷീജയുടെയും മകനാണ് ആഷാദ്. സഹോദരി സാന്ദ്ര എസ്.ബിജു മാത്തൂർ പോസ്റ്റ് ഒാഫീസിലെ പോസ്റ്റ് വുമണാണ്.