തോണിപ്പുഴ:​ തോട്ടപ്പുഴശേരി പഞ്ചായത്തിലെ കട്ടേപ്പുറം പെരുമ്പാറ റോഡ് വികസനത്തിന് ജില്ലാ പഞ്ചായത്ത് 32 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കും. കോഴഞ്ചേരിയിൽ നിന്ന് നെടുമ്പ്രയാർ പനച്ചേരിമുക്ക് പ്രമാടം വഴി ചരൽകുന്നിലെത്തുന്നതിനുള്ള എളുപ്പ വഴിയാണിത്.ചെറുകോൽപ്പുഴ പുല്ലാട് റോഡിൽ കട്ടേപ്പുറത്തുനിന്ന് പെരുമ്പാറവരെയുള്ള ഏകദേശം രണ്ടു കിലോമീറ്റർ ദൂരം പൂർണമായി റീടാറിംഗ് നടത്തി വശങ്ങളിൽ കരിങ്കൽ ഭിത്തി നിർമ്മിച്ച് ഐറീഷ് ഡ്രെയിൻ ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടത്തി നവീകരിക്കുന്നതിനാണ് പദ്ധതി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വികസന ഫണ്ടിൽ നിന്നുള്ള തുകയാണ് ഇതിനായി അനുവദിച്ചത്.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂരിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.പഞ്ചായത്തിലെ പഴക്കം ചെന്ന റോഡ് 2,5,13 വാർഡുകളിലൂടെയാണ് കടന്ന് പോകുന്നത്.ചരൽകുന്ന്ക്യാമ്പ് സെന്റർ,മയിലാടുംപാക്ഷേത്രം,പെരുമ്പാറ എൽ.പി.സ്‌കൂൾ,പമ്പ് ഹൗസ്,കുറിയന്നൂർ ഹൈസ്‌കൂൾ, മാർത്തോമാപള്ളി,ഗവ.ആയുർവേദാശുപത്രി തുടങ്ങിയവയും റോഡിന് സമീപത്തുണ്ട്.മരങ്ങളിൽ നിന്നുള്ള വെള്ളം കെട്ടിക്കിടന്ന് ടാറിംഗ് ഇളകുന്നതും പതിവാണ്.ഇതിന് പരിഹാരമായാണ് കരിങ്കൽ ഭിത്തി നിർമ്മിച്ച് ഐറീഷ് ഡ്രെയിൻ പദ്ധതി നടപ്പാക്കുന്നത്.

നൂറ് കണക്കിന് കുടുംബങ്ങൾക്ക് പ്രയോജനം

റോഡ് നവീകരണം പൂർത്തിയാകുന്നതോടെ പ്രകൃതിരമണീയമായ അരുവിക്കുഴി,ചരൽക്കുന്ന്,പെരുമ്പാറ,മയിലാടുംപാറ,പ്രമാടത്ത് പാറ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് വിനോദസഞ്ചാര വികസനത്തിനും വഴിയൊരുക്കും. കുറിയന്നൂരിന്റെ സമഗ്ര വികസനത്തിനും നൂറ് കണക്കിന് കുടുംബങ്ങൾക്കും പ്രയോജനം ലഭിക്കും.പ്രദേശവാസികളുടെ നാളുകളായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.

ടെൻഡർ നടപടികൾ പൂർത്തിയായതായും നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും.

ജോർജ്ജ് മാമ്മൻ കൊണ്ടൂർ

(ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് )

-പെരുമ്പാറ, മയിലാടുംപാറ,കുന്നോക്കാലി, ഇളംപുരയിടം എന്നീ പ്രദേശത്തുള്ളവർ കോഴഞ്ചേരി, പത്തനംതിട്ട ഭാഗങ്ങളിലേയ്ക്ക് പോകുന്നതിന് പ്രധാനമായും ആശ്രയിക്കുന്ന പാത

-2, 5,13 വാർഡുകളിലൂടെയാണ് കടന്ന് പോകുന്ന റോഡ്