മലയാലപ്പുഴ: മലയാലപ്പുഴ ക്ഷേത്രം ജംഗ്ഷനിലെ ഗവ.എൽ.പി സ്‌കൂളിനായി പുതിയ കെട്ടിടം നിർമ്മിക്കുന്നു. പഞ്ചായത്താഫിസിനോട് ചേർന്നാണ് 1കോടി 20 ലക്ഷം രൂപ മുതൽ മുടക്കിൽ പുതിയ ഇരു നില കെട്ടിടം നിർമ്മിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കഴിഞ്ഞ മാസം കെ.യു ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചിരുന്നു.പണികൾ പുരോഗമിക്കുന്ന കെട്ടിടത്തിന് 38 ലക്ഷം രൂപ പഞ്ചായത്തിന്റെ ഫണ്ടും, ബാക്കി വരുന്ന തുക വിദ്യാഭ്യാസ വകുപ്പിൽ നിന്നും, എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിക്കും. പഞ്ചായത്തിന്റെ സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ക്ഷേത്രം ജഗ്ഷനിലെ എൽ.പി.സ്‌കൂൾ കെട്ടിടത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്, ഇതിലെ ഒരു ഭാഗം മാത്രമാണ് 30 വർഷം മുൻപ് നിർമ്മിച്ചത്. പഴയ സ്‌കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം റോഡിലേക്ക് തള്ളിനിൽക്കുന്നുമുണ്ട്. പുതിയ സ്‌കൂൾ കെട്ടിടത്തിന്റെ പണികൾ പൂർത്തിയായാൽ ക്ലാസുകൾ പൂർണമായി ഇവിടേക്ക് മാറ്റി പഴയ കെട്ടിടം പൊളിച്ചുമാറ്റി ഇവിടെ ബസ് സ്റ്റാൻഡ് നിർമ്മിക്കും. ഇതിലൂടെ ക്ഷേത്രം ജംഗ്ഷനിലെ ഗതാഗതപ്രശ്‌നങ്ങൾക്കും പരിഹാരമാവുമെന്നും, ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്കും, നാട്ടുകാർക്കും ഇത് ഏറെ പ്രയോജനപ്പെടുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.ജയലാൽ പറഞ്ഞു.