തിരുവല്ല: അപ്പർകുട്ടനാട്ടിൽ പുഞ്ചകൃഷി തുടങ്ങിയിട്ടും തൊഴിലാളികളുടെ കൂലി നിശ്ചയിച്ചില്ല. കർഷകരും തൊഴിലാളികളും തമ്മിലുള്ള തർക്കത്തെതുടർന്ന് ചില പാടശേഖരങ്ങളിൽ കൃഷിപ്പണികൾ വൈകുന്നു. മുൻ വർഷങ്ങളിൽ നെൽകൃഷിക്കുള്ള ഒരുക്കങ്ങൾ തുടങ്ങുന്നതിനും മുമ്പേ ലേബർ ഓഫീസറും തൊഴിലാളി യൂണിയൻ നേതാക്കളും കൃഷി വകുപ്പ് അധികൃതരും റവന്യു അധികാരികളും ചേർന്ന് പാടശേഖരങ്ങളിലെ ഓരോ ജോലിക്കും കൂലി നിശ്ചയിച്ചിരുന്നു.എന്നാൽ ഇത്തവണ കൃഷി തുടങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും തൊഴിലാളികളുടെ കൂലി സംബന്ധിച്ച് തീരുമാനം ഉണ്ടായിട്ടില്ല. ഇതുകാരണം ചില തൊഴിലാളികൾ മുൻ വർഷത്തേക്കാളും കൂടുതൽ കൂലി ചോദിച്ചതോടെ കർഷകരുമായി തർക്കങ്ങൾ ഉണ്ടായി.തെക്കേ അഞ്ചടി,വടക്കേ അഞ്ചടി പാടശേഖരങ്ങളിലാണ് തർക്കങ്ങൾ ഉണ്ടായിരിക്കുന്നത്. ഇതേതുടർന്ന് ഇവിടുത്തെ പാടശേഖരസമിതി ആർ.ഡി.ഒയ്ക്ക് പരാതി നൽകി.
തൊഴിലാളികളുടെ കുറവ്
കൃഷി ചെയ്യുന്നതിനായി നിലം ഒരുക്കൽ, വരമ്പ് കുത്തൽ, വിത്ത് വിതയ്ക്കൽ, വളം ഇടീൽ, വെള്ളം എത്തിക്കൽ, കള പറിയ്ക്കൽ, നെല്ല് ചുമടെടുക്കൽ എന്നിവയെല്ലാം തൊഴിലാളികളുടെ സഹായത്തോടെയാണ് കർഷകർ ചെയ്തുപോരുന്നത്. ഇതിനെല്ലാം പ്രത്യേകം കൂലിയും തൊഴിലാളികൾക്ക് നൽകണം.ഏക്കർ കണക്കിന് പാടത്ത് കൃഷിയിറക്കാൻ തൊഴിലാളികളില്ലാതെ സാധിക്കുകയുമില്ല.എന്നാൽ പല മേഖലയിലും ആവശ്യത്തിന് തൊഴിലാളികളില്ല.ഇതുകാരണം തൊഴിലാളികൾ പറയുന്ന കൂലി നൽകി ഇവരെ പാടത്ത് ഇറക്കേണ്ട ഗതികേടിലാണ് കർഷകർ.
വിതയ്ക്കൽ വൈകി
നവംബർ പകുതിയോടെ ജില്ലയിൽ ഏറ്റവുമധികം കൃഷിയുള്ള പെരിങ്ങര പഞ്ചായത്തിലെ പല പാടശേഖരങ്ങളിലും വിത്ത് വിതയ്ക്കാൻ തുടങ്ങി. പടവിനകം എ, പടവിനകം ബി,വടവടി,പാണാകാരി തുടങ്ങിയ പാടശേഖരങ്ങളിലായി അഞ്ഞൂറിലധികം ഏക്കറിൽ വിത്ത് വിതയ്ക്കൽ പൂർത്തിയായി.മഴയും വെള്ളക്കെട്ടും കാരണം മാറ്റ് പാടശേഖരങ്ങളിൽ വിതയ്ക്കാൻ വൈകി.ഇതിനിടെ കൂലി സംബന്ധിച്ച്തൊഴിലാളികളുമായി തർക്കം ഉണ്ടായത് കർഷകരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
തൊഴിലാളികളുമായി വരും നാളുകളിൽ തർക്കം ഉണ്ടാകാതിരിക്കാൻ അടിയന്തരമായി കൂലി നിശ്ചയിക്കാൻ അധികൃതർ തയാറാകണം
എം.ജി.മോൻ
(കർഷകൻ)