പന്തളം:അപ്പീലുമായെത്തി സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ നിന്നും എ ഗ്രേഡോടെ മടക്കം.കുരമ്പാല സുനു ഭവനിൽ സുനു സാബുവാണ് ഹൈസ്‌കൂൾ വിഭാഗം നാടോടി നൃത്തത്തിൽ എഗ്രേഡ് നേടി മിന്നുന്ന പ്രകടനം നടത്തിയത്. ജില്ലാ തലത്തിൽ ബിഗ്രേഡ് മാത്രം ലഭിച്ച സുനു അപ്പീലുമായാണ് സംസ്ഥാന കലോത്സവത്തിൽ മത്സരിച്ചത്. വേദിയിൽ നിറഞ്ഞാടുമ്പോഴും ജീവൻ നിലനിറുത്താൻ ശരീരത്തിൽ ഇൻസുലിൻ പമ്പ് ഘടിപ്പിച്ചാണ് നൃത്തച്ചുവടുകൾ വെച്ചത്.ആറാം വയസിലാണ് സുനുവിന് ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ഉദ്പാദിപ്പിക്കാൻ പാൻക്രിയാസിന് കഴിയുന്നില്ലെന്ന് ഡോക്ടർമാർ കണ്ടെത്തിയത്.നിർദ്ദന കുടുംബമായ സുനുവിന്റെ മാതാപിതാക്കൾക്ക് ചികിത്സയ്ക്ക് ആവശ്യമായ തുക കണ്ടെത്താൻ കഴിയുമായിരുന്നില്ല. ആറ് വയസു മുതൽ ഇൻസുലിൻ നൽകാൻ ഒരു ദിവസം ആറ് മുതൽ എട്ട് തവണ വരെ ഇൻജക്ഷൻ എടുത്തതോടെ കുട്ടി കൂടുതൽ അവശയായി. തുടർന്ന് നിരവധി പേരുടെ സഹകരണത്തോടെ വിദേശനിർമ്മിത യന്ത്രം വാങ്ങിയത്. 24 മണിക്കൂറും യന്ത്രം ശരീരത്തിൽ ഘടിപ്പിച്ചാണ് സുനു ജീവന്റ നിലനിറുത്തുന്നത്. മൂന്ന് ലക്ഷം രൂപ ചെലവിൽ വാങ്ങിയ യന്ത്രം അടുത്ത വർഷം മാറ്റി സ്ഥാപിക്കണം ഇതിന് 7 ലക്ഷം രൂപയോളം വില വരും. പതിനയ്യായിരത്തോളം രൂപയാണ് ഓരോ മാസവും ഇൻസുലിനായി ചിലവാക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എൻഡോ ക്രെയിൻ വിഭാഗത്തിൽ തുടർ ചികിത്സയിലാണ് സുനു. ഡോക്ടറുടെ അനുമതിയോടാണ് നൃത്തം പഠിക്കുന്നത്. സുനുവിന് നൃത്തവേദികളിൽ തിളങ്ങാൻ എല്ലാവിധ സഹായവുമായി നൃത്തം പഠിപ്പിക്കുന്ന കുരമ്പാല നാഗേശ്വരനൃത്ത വിദ്യാലയം ഡയറക്ടർ നാഗലക്ഷ്മി ടീച്ചറും ഒപ്പമുണ്ട്.