മണക്കാല: പൊളിഞ്ഞ് കിടക്കുന്ന അടൂർ ഗോപാലകൃഷ്ണൻ റോഡ് പുനർനിർമ്മിക്കാൻ 75ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മിക്കുന്നത്. നേരത്തെ, 45ലക്ഷം ചെലവാക്കി റോഡ് റീ ടാർ ചെയ്യാനായിരുന്നു പദ്ധതി സമർപ്പിച്ചിരുന്നത്.ഇത് മാറ്റി പുതുക്കിയ എസ്റ്റിമേറ്റ് സർക്കാരിന് നൽകുകയായിരുന്നു.ജില്ലാ പഞ്ചായത്ത് അംഗം ബി.സതികുമാരി മുഖ്യമന്ത്രിയെ സന്ദർശിച്ച് റോഡ് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി അനുമതി നേടി. റോഡിന്റെ വശങ്ങളിൽ ഒാട നിർമ്മിച്ച് ഉന്നത നിലവാരത്തിൽ പുനർനിർമ്മിക്കും. ഇതിന്റെ സാങ്കേതിക പഠനത്തിന് റീബിൽഡ് കേരളയുടെ എൻജിനിയർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സാങ്കേതിക അനുമതി വേഗത്തിൽ നേടിയെടുത്ത് കരാർ നടപടിയിലേക്ക് ഉടനെ കടക്കുമെന്ന് ബി.സതികുമാരി പറഞ്ഞു. മണക്കാല ജംഗ്ഷൻ മുതൽ ചിറ്റാണിമുക്ക് വരെ രണ്ട് കിലോമീറ്റർ നീളത്തിലാണ് അടൂർ ഗോപാലകൃഷ്ണൻ റോഡ്. പഴകുളം മധു ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെ 2017 ആഗസ്റ്റ് 17നാണ് അടൂർ ഗോപാലകൃഷ്ണൻ റോഡ് എന്ന് നാമകരണം ചെയ്തത്. ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് മഖ്യാതിഥിയായി പങ്കെടുത്തത്. അന്നേ തകർന്ന് കിടന്ന റോഡിൽ അറ്റകുറ്റപ്പണി നടത്തിയത് പിന്നീടുളള മഴയിൽ പൊളിഞ്ഞു. സ്കൂൾ, പോളി ടെക്നിക്ക്, ആശുപത്രി തുടങ്ങി നിരവധി സ്ഥാപനങ്ങൾ റോഡിന് ഇരുവശവുമായുണ്ട്. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ പത്തോളം ബസുകളും നിരവധി സ്വകാര്യ വാഹനങ്ങളും ഇതുവഴി പോകുന്നുണ്ട്. റോഡിന്റെ ദുരവസ്ഥ ഇക്കഴിഞ്ഞ മേയ്15ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് അധികൃതർ ഉണർന്നത്. റോഡ് പൊതുമരാമത്തിനെ ഏൽപ്പിക്കണമെന്നും ആവശ്യമുയർന്നിരുന്നു. ഇതേതുടർന്ന് ജില്ലാ പഞ്ചായത്തംഗം തന്നെ മുൻകൈയെടുത്താണ് പദ്ധതി സർക്കാരിന് സമർപ്പിച്ചത്.
റോഡ് നിർമാണത്തിന് 75ലക്ഷത്തിന്റെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. ഇനിയുളള നടപടികൾ വേഗത്തിലാക്കും.
ബി.സതികുമാരി
(ജില്ലാ പഞ്ചായത്തംഗം)
- 75ലക്ഷത്തിന്റെ പദ്ധതി
- റോഡിന്റെ വശങ്ങൾ ഓട നിർമ്മിക്കും, ഉന്നത നിലവാരത്തിൽ പുതുക്കിപ്പണിയും
- റീബിൽഡ് കേരളയിൽ പദ്ധതി ഉൾപ്പെടുത്തി