പത്തനംതിട്ട: സപ്ലൈകോ സ്ഥാപനങ്ങളിൽ രണ്ട് മാസമായി സബ്സിഡി സാധനങ്ങൾ ഇല്ല. അരിയും പഞ്ചസാരയും അടക്കം മിക്ക സാധനങ്ങളും ഇരട്ടി വിലകൊടുത്ത് പുറത്തുനിന്ന് വാങ്ങണം. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം ഇ ടെൻഡർ നടപടികൾ മുടങ്ങുന്നതാണ് സാധനങ്ങൾക്ക് ക്ഷാമം.
സിവിൽ സപ്ലൈസിൽ കഴിഞ്ഞ മാസം 5 ന് നടക്കേണ്ട ഇ-ടെൻഡർ മുടങ്ങിയിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം കുറഞ്ഞ അളവിൽ മാത്രമാണ് സാധനങ്ങൾ എടുക്കുന്നത്. അതും സമീപ ജില്ലകളിൽ നിന്ന് വാങ്ങി വയ്ക്കുകയാണ് ചെയ്യുന്നത്. ഇത് എല്ലാ ഔട്ട്‌ലെറ്റുകളിലും എത്തിക്കാൻ കഴിഞ്ഞിട്ടില്ല. ചിലയിടങ്ങളിൽ ഒട്ടും ഗുണനിലവാരം ഇല്ലാത്ത സബ്‌സിഡി ഇനങ്ങളായ ഉഴുന്ന്, ചെറുപയർ, തുവര, കടല എന്നിവയുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിലെ ഡിപ്പോകളിൽ കൂടുതൽ സ്റ്റോക്കുള്ള സാധനങ്ങളിൽ ചിലത് എത്തിക്കുന്നുണ്ടെങ്കിലും പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ല.
-------------------------
പ്രതിസന്ധിയിലും വരുന്നു
4 മാവേലി സ്റ്റോറുകൾ
സപ്ലൈകോയിൽ പ്രതിസന്ധികൾ ബാക്കി നിൽക്കുമ്പോഴും 5 ന് ജില്ലയിൽ ആറൻമുള, കോഴഞ്ചേരി,നാരങ്ങാനം, തണ്ണിത്തോട് എന്നിവിടങ്ങളിൽ പുതിയ 4 മാവേലി മിനി സൂപ്പർ സ്റ്റോറുകൾ കൂടി ആരംഭിക്കുകയാണ്.
---------------
സ്റ്റോക്കില്ലാത്ത സാധനങ്ങൾ
മട്ട അരി , പഞ്ചസാര , പിരിയൻ മുളക് , മുളക് , വൻപയർ
---------------------
"കുറച്ചുനാളുകളായി സാധനങ്ങളുടെ ലഭ്യതയിൽ കുറവുണ്ട്. ഇ-ടെൻഡർ ചില കാരണങ്ങളാൽ മുടങ്ങിയതാണ് കാരണം. സാധനങ്ങൾ തീർന്നത് കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. വിതരണക്കാർക്ക് നൽകേണ്ട തുക കൊടുക്കാത്തത് സാധനങ്ങളുടെ ലഭ്യതയെ ബാധിച്ചിരിക്കുന്നു. മറ്റ് ജില്ലകളിൽ നിന്ന് സാധനങ്ങൾ എത്തിക്കാനുള്ള നടപടികൾ നടക്കുന്നു. ഈ ആഴ്ചകൊണ്ട് പ്രശ്നം പരിഹരിക്കും.
സപ്ലൈകോ അധികൃതർ