ചെങ്ങന്നൂർ: ശബരിമലയിൽ ഹരിത ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് ഉപേക്ഷിക്കൂ ശബരിമലയെ സംരക്ഷിക്കൂ എന്ന സന്ദേശവുമായി പത്തനംതിട്ട ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ആരംഭിച്ച കൗണ്ടറിന്റെ ഉദ്ഘാടനം ശബരിമല തീർത്ഥാടകർക്ക് പ്ലാസ്റ്റിക് കവറിനു പകരം തുണിസഞ്ചി നൽകി എം.എൽ.എ സജി ചെറിയാൻ നിർവഹിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൗണ്ടറിൽ അയ്യപ്പഭക്തർക്ക് തങ്ങളുടെ കൈവശമുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകൾ നൽകി പകരം തുണിസഞ്ചി സൗജന്യമായി വാങ്ങുന്നതിനുള്ള സൗകര്യമുണ്ട്. ഇതോടൊപ്പം തന്നെ പുണ്യനദിയായ പമ്പയിൽ തുണി നിക്ഷേപിക്കുന്നതിനെതിരേയും പമ്പയിലും സന്നിധാനത്തും പ്ലാസ്റ്റിക് ഉല്പന്നങ്ങൾ ഒഴിവാക്കുന്നതിനുമുള്ള സന്ദേശങ്ങൾ അഞ്ച് ഭാഷകളിൽ ആലേഖനം ചെയ്ത പോക്കറ്റ് കാർഡുകളും നൽകി വരുന്നു. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അടുത്ത സീസണിലെ ആചാര പരിപാടികളും കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൗണ്ടറിലേക്കാവശ്യമായ തുണിസഞ്ചികൾ,പോക്കറ്റ് കാർഡ് എന്നിവ നൽകുന്നതും കൗണ്ടർ പ്രവർത്തിപ്പിക്കുന്നതും പത്തനംതിട്ട ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിലാണ്.ചെങ്ങന്നൂർ നഗരസഭയുടെ സഹകരണത്തോടെയാണ് തുണിസഞ്ചി കൗണ്ടർ ആരംഭിച്ചിട്ടുള്ളത്. ചെങ്ങന്നൂർ നഗരസഭ ചെയർമാൻ കെ.ഷിബുരാജൻ, പത്തനംതിട്ട ജില്ലാ ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ രാധാകൃഷ്ണൻ.സി,നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ടി.രാജൻ, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ അജയ്.കെ.ആർ, ടെക്‌നിക്കൽ കൺസൾട്ടന്റ് ജെറിൻ ജെയിംസ് വർഗീസ്, ആലപ്പുഴ ജില്ലാ ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ അഖിൽ പ്രകാശൻ എന്നിവർ പങ്കെടുത്തു.