പന്തളം : നഗരസഭയിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം വീണ്ടും റെയ്ഡ് നടത്തി വിവിധ സ്ഥാപനങ്ങളിൽ നിന്ന് പഴകിയതും, ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ഇറച്ചി, ചോറ്, അവിയൽ, കുട്ടുകറികൾ, ആവർത്തിച്ചുപയോഗിച്ചതും, ക്യാൻസർ ഉൾപ്പടെയുള്ള രോഗങ്ങൾക്ക് കാരണമായ എണ്ണ, പാചകത്തിനായി സൂക്ഷിച്ചിരുന്ന ചീഞ്ഞളിഞ്ഞ പച്ചക്കറികൾ, പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളിലും സൂക്ഷിച്ചിരുന്ന ഭക്ഷ്യപദാർത്ഥങ്ങളുമാണ് പിടിച്ചെടുത്തത്. നിയമാനുസൃത ലൈസൻസുകൾ എടുക്കാത്ത സ്ഥാപനങ്ങളിലും പരിശോധന നടത്തി.തൊഴിലാളികൾക്കുള്ള ആരോഗ്യ പരിശോധന നടത്തി അനുവദിക്കേണ്ട ഹെൽത്ത് കാർഡ് പല സ്ഥാപനങ്ങളിലും സൂക്ഷിച്ചിരുന്നില്ലെന്നും പരിസര ശുചിത്വത്തിലും, സ്ഥാപന ശുചിത്വത്തിലും വീഴ്ച്ച വരുത്തിയിട്ടുള്ളതായും പരിശോധന സംഘം കണ്ടെത്തി. കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനും,പിഴ ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. നഗരസഭ സെക്രട്ടറി ബിനുജി.ജിയുടെ നിർദ്ദേശപ്രകാരം ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽകുമാർ.എസ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുജിത തമ്പി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കൃഷ്ണകുമാർ.എസ്.എസ്, ജസീന.എ.ജെ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.