പത്തനംതിട്ട : അത്യാവശ്യം ഇറച്ചിയിൽ ഇടാൻ മാത്രം നാലഞ്ച് സവാള, അതുമതി,.. വഴട്ടി അങ്ങ് ഇടാം. മൈലപ്ര സ്വദേശിയായ വീട്ടമ്മ കടക്കാരനോട് പറഞ്ഞു. അത് അരക്കിലോ ഉണ്ട് എന്ന് കടക്കാരൻ വാദിച്ചെങ്കിലും അത്രയൊന്നും ഇല്ലെന്ന് പറഞ്ഞ് 40 രൂപയും കൊടുത്ത് അവർ പോകാനിറങ്ങി. കടക്കാരൻ ദയനീയതയോടെ നോക്കിയെങ്കിലും ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ സവാള വാങ്ങാനുള്ള കാശ് ഉണ്ടേൽ ഒരുകിലോ കോഴിയിറച്ചി വേറെ വാങ്ങാം എന്ന് പറഞ്ഞ് അവർ നടന്നു പോയി.
സവാളയുടെ വില കുതിച്ചു കയറുമ്പോൾ ഇന്നലെ നഗരത്തിലെ ഒരു കടയിൽ കണ്ട കാഴ്ചകളാണിത്. പലയിടങ്ങളിലും സവാളയ്ക്ക് ആവശ്യക്കാർ കുറവാണ്. പക്ഷെ വരുന്നവരെല്ലാം വില ചോദിക്കുമെന്ന് വ്യാപാരികൾ പറയുന്നു. കോയമ്പത്തൂരിൽ നിന്നാണ് ജില്ലയിൽ കൂടുതൽ സവാള എത്തുന്നത്. ഇപ്പോൾ ബംഗളൂരുവിൽ നിന്ന് എഴുപത് രൂപയ്ക്ക് സവാളയുടെ ചെറിയ ഉള്ളികൾ വരുന്നുണ്ട്. ഇതിന് സവാളയുടെ അത്ര രുചിയും ഗുണവുമില്ല. മൈസൂരിൽ നിന്നാണ് വെളുത്തുള്ളി എത്തിയ്ക്കുക. വെളുത്തുള്ളിയ്ക്ക് ഇരുന്നൂറിലധികം രൂപയാണ് ഈടാക്കുന്നത്. സവാളയും ഉള്ളിയും ഇടാത്ത കറികളൊന്നും മദ്ധ്യതിരുവിതാംകൂറിന്റെ അടുക്കളയിലില്ല. എല്ലാ കറികൾക്കും വെളുത്തുള്ളി ഉപയോഗിക്കുന്നവരാണധികവും. വില കൂടിയതോടെ ഹോട്ടലുകളിലും തട്ടുകടകളിലും സവാളയ്ക്ക് പകരം കാബേജാണ് ഉപയോഗിക്കുന്നത്. സപ്ലൈകോ വഴി സവാള വിതരണം ചെയ്യാനുള്ള നീക്കം സർക്കാർ നടത്തുന്നുണ്ട്.
1.കി.ഗ്രാം
സവാള : 135₹
ചെറിയ ഉള്ളി : 140₹
വെളുത്തുള്ളി : 230₹