john
ജോൺ സാമുവേലും കുടുബവും

പത്തനംതിട്ട: കുളനട ഉളനാട് മൂന്നുമലയിൽ ജോൺ സാമുവേലിന്റെ വീട് ജില്ലാ സഹകരണ ബാങ്ക് ഇലവുംതിട്ട ശാഖയിൽ നിന്നുള്ള വായ്പാ കുടിശികയുടെ പേരിൽ വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് ജപ്തി ചെയ്തതായി പരാതി. വീട് ജപ്തി ചെയ്തതോടെ ജോൺ സാമുവേലും കുടുംബവും വഴിയാധാരമായിരിക്കുകയാണ്. നാലിലും ഒന്നിലും പഠിക്കുന്ന രണ്ട് കുട്ടികൾക്ക് കഴിഞ്ഞ 21 മുതൽ സ്‌കൂളിൽ പോകാനാകുന്നില്ല.ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തോടൊപ്പം അയൽവീടുകളിലാണ് താമസിക്കുന്നത്. നവംബർ 21ന് ഇവർ ഒരു മരണവീട്ടിൽ പോയ സമയത്തായിരുന്നു നടപടിയെന്നും സാമുവലും കുടുംബവും വാർത്താ സമ്മേളനത്തിൽ ആരോപിക്കുന്നു.

പ്രളയബാധിതനായ ജോൺ സാമുവേലിന് സഹകരണ വകുപ്പിൽ നിന്നും 2020 മാർച്ച് 31വരെ നിലനിന്ന മൊറട്ടോറിയം മറികടന്നാണ് സഹകരണ ബാങ്കിന്റെ നടപടി. വസ്ത്രങ്ങളും കുട്ടികളുടെ പാഠപുസ്തകങ്ങളും നോട്ട്ബുക്കുകളും വീടിനകത്തായി.കുട്ടികളുടെ മരുന്ന്, ജോണിന്റെ മരുന്ന് ഒന്നും എടുക്കാനായില്ല. ജപ്തിക്കു മുമ്പായി ബാങ്ക് നോട്ടീസ് നൽകിയിരുന്നില്ലെന്ന് ജോൺ സാമുവേൽ പറഞ്ഞു. 2018 ഓഗസ്റ്റിലെ പ്രളയത്തിൽ ജോൺ സാമുവേലിന്റെ വീട്ടിൽ വെള്ളം കയറിയിരുന്നു. വെള്ളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെ വീണ് കാലൊടിഞ്ഞ ഇദ്ദേഹം ഏറെനാൾ കിടപ്പിലായിരുന്നു. 2012ൽ എടുത്ത 14 ലക്ഷം രൂപയുടെ വായ്പയ്ക്കുള്ള കുടിശികയ്ക്കാണ് നോട്ടീസ്. മാതാവിന്റെ ചികിത്സയ്ക്കവേണ്ടിയെടുത്ത പണമാണിതെന്ന് ജോൺ പറഞ്ഞു. മാതാവ് മരിച്ചു.പിന്നാലെ സഹോദരനും അപകടത്തിൽ മരിച്ചു. 65 സെന്റ് വസ്തു സ്വന്തമായുണ്ട്. ഇത് ജാമ്യം നൽകിയാണ് വായ്പയെടുത്തത്. സഹകരണ മന്ത്രിക്കു നൽകിയ നിവേദനത്തേ തുടർന്ന് പ്രളയബാധിതനെന്ന നിലയിൽ 2020 മാർച്ച് 31വരെ മൊറട്ടോറിയം നിലനിൽക്കുമെന്ന് ഉത്തരവുണ്ടായതാണ്. ഇതു മറികടന്നാണ് ഇപ്പോഴത്തെ നടപടിയെന്ന് ജോൺ പറഞ്ഞു.