കോന്നി : സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് പത്തനംതിട്ട -കോന്നി -പത്തനാപുരം -പുനലൂർ റൂട്ടിലെ യാത്രക്കാർ വലഞ്ഞു. ഇന്നലെ രാവിലെ 11 മുതലാണ് ഒരു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ ബസുകളും ഈ റൂട്ടിൽ മുന്നറിയിപ്പില്ലാതെ പണിമുടക്കിയത്.എന്നാൽ കാരണം വ്യക്തമാക്കാൻ മാനേജുമെന്റും ജീവനക്കാരും തയാറായിട്ടില്ല.കെ.എസ്.ആർ.ടി.സിയും മറ്റ് സ്വകാര്യ ബസുകളും നാമമാത്രമായാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്.സ്വകാര്യ ബസുകൾ കൂട്ടത്തോടെ ഇല്ലാതായതോടെ ഈ ബസുകളെ മാത്രം ആശ്രയിക്കുന്ന നിരവധി യാത്രക്കാരാണ് ദുരിതത്തിലായത്. ബസുകൾ കാണാതായതോടെ സ്ഥിരം യാത്രക്കാർ തിരക്കിയപ്പോഴാണ് പണിമുടക്ക് വിവരം അറിയുന്നത്. ഏറെ നേരത്തിന് ശേഷം സർവീസുകൾ പുന:സ്ഥാപിച്ചു.