കൊടുമൺ: ജനരോഷം വകവയ്ക്കാതെ ഒറ്റത്തേക്ക് ചന്തയിൽ മാലിന്യ പ്ളാന്റ് സ്ഥാപിക്കാനുളള നീക്കവുമായി വീണ്ടും കൊടുമൺ പഞ്ചായത്ത്. മാലിന്യ പ്ളാന്റ് സ്ഥാപിക്കുമെങ്കിൽ അത് ഒറ്റത്തേക്കിലായിരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കഴിഞ്ഞ ദിവസം യോഗത്തിൽ സംസാരിച്ചത് വീണ്ടും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പഞ്ചായത്തംഗം ഉൾപ്പെടെ എതിർത്തിട്ടും മാലിന്യ പ്ളാന്റ് ഒറ്റത്തേക്കിൽ തന്നെ സ്ഥാപിക്കണമെന്ന തീരുമാനത്തിലാണ് എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത്. മാലിന്യ പ്ളാന്റ് സ്ഥാപിക്കുന്നതിനെ എതിർക്കുന്നവരെ ശാരീരികമായി കൈകാര്യം ചെയ്യുമെന്ന് ഒരു സി.പി.എം നേതാവ് യോഗത്തിൽ ഭീഷണി മുഴക്കുകയും ചെയ്തു. എന്നാൽ,എന്തു വിലകൊടുത്തും മാലിന്യ സംസ്കരണ പ്ളാന്റ് ഒറ്റത്തേക്കിൽ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പൗരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ.കാട്ടുപന്നികളുടെ വിഹാര കേന്ദ്രമായ ഒറ്റത്തേക്കിൽ മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കുന്നതിനെതിരെ ഇരുന്നൂറോളം പ്രദേശവാസികൾ ഒപ്പിട്ട പരാതി ജില്ലാ കളക്ടർക്കും പഞ്ചായത്തിനും നൽകിയിരുന്നതാണ്. പരിശോധിച്ച് നടപടിയെടുക്കാമെന്ന് കളക്ടർ പൗരസമതിക്ക് ഉറപ്പു നൽകിയിരുന്നു. മാലിന്യ പ്ളാന്റ് സ്ഥാപിക്കാനുളള നീക്കവുമായി മുന്നോട്ടു പാേയാൽ പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കുമെന്ന് പൗരസമിതി ഭാരവാഹികൾ പറഞ്ഞു.