അടൂർ: പറക്കോട് അനന്തരാമപുരം മാർക്കറ്റിൽ അനധികൃതമായി താൽക്കാലിക ഷെഡ് കെട്ടി പച്ചക്കറി വ്യാപാരം നടത്തിവന്ന മൂന്ന് കടകൾ കോടതി വിധിയുടെ പശ്ചാത്തലത്തിൽ പൊലീസിന്റെ സഹായത്തോടെ നഗരസഭ അധികൃതർ പൊളിച്ചുനീക്കി. ഇതിനെതിരേ ഒരു വിഭാഗം വ്യാപാരികളും ചില രാഷ്ട്രീയ പ്രവർത്തകരും രംഗത്തെത്തി. ഒഴിപ്പിക്കൽ തടസപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. മാർക്കറ്റിനുള്ളിൽ സുധീർ എന്ന പച്ചക്കറി മൊത്ത വ്യപാരി നഗരസഭയുടെ അനുമതി കൂടാതെ താൽക്കാലിക ഷെഡ് കെട്ടി ഏറെ നാളായി അനധികൃത കച്ചവടം നടത്തി വരികയായിരുന്നു. ഇതിനെതിരേ സമീപത്തുള്ള മറ്റൊരു വ്യാപാരി നൽകിയ പരാതിയെ തുടർന്നാണ് അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാൻ കോടതി ഉത്തരവായത്. ഇതിനെ തുടർന്ന് മുനിസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം പല തവണ നോട്ടീസ് നൽകിയെങ്കിലും സ്വയം ഒഴിയുന്നതിന് വ്യാപാരികൾ തയാറായില്ല. മുനിസിപ്പൽ സെക്രട്ടറി ആർ.കെ ദീപേഷ്, എൻജിനിയർ റഫീക്, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. ഇതിനിടെ പൊളിച്ച് നീക്കിയ ഷെഡിലെ സാധനങ്ങൾ ഫിഷ്സ്റ്റാളിനായി പണിത സ്ഥലത്തേക്ക് മാറ്റി അധികൃതരെ വെല്ലുവിളിച്ച് മൊത്തവ്യാപാരി അവിടെ കച്ചവടം ആരംഭിച്ചു.മാർക്കറ്റിൽ സ്റ്റാളുകൾ നിർമ്മിക്കാൻ നഗരസഭ പദ്ധതി തയ്യാറാക്കിയെങ്കിലും അനധികൃത വ്യാപര സ്ഥാപനങ്ങളാണ് മാർക്കറ്റിന്റെ വികസനത്തെ തടയുന്നത്.