തിരുവല്ല: തരിശ് കൃഷി വിജയകരമാക്കിയ കവിയൂർ പുഞ്ചയിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി സന്ദർശനം നടത്തി. പുഞ്ചയിൽ സുസ്ഥിര കൃഷി നടപ്പാക്കുകയും ആഴമുള്ള കുറ്റപ്പുഴ തോടിന്റെ കരയിൽ താമസിക്കുന്നവരുടെ അപകടകരമായ അവസ്ഥയും നേരിട്ട് ബോദ്ധ്യപ്പെടാനാണ് മന്ത്രി കവിയൂർപുഞ്ചയുടെ ഭാഗമായ കുറ്റപ്പുഴ തോട്, നാട്ടുകടവ് എന്നീ പ്രദേശങ്ങൾ സന്ദർശിച്ചത്. നവംബർ പകുതിയോടെ കൃഷിയിറക്കേണ്ട പുഞ്ചയിൽ ഡിസംബറിലും വെള്ളംകെട്ടി നിൽക്കുന്നത് കൃഷിക്കു തടസമായിരിക്കുകയാണ്.കാലാവസ്ഥ വ്യതിയാനമനുസരിച്ച് കൃഷി നടക്കുകയും കവിയൂർ പുഞ്ചയിൽ സുസ്ഥിര കൃഷി എന്നത് സാദ്ധ്യമാക്കുന്നതിനും ഇരുപ്പൂ കൃഷി നടപ്പാക്കുവാനും കുറ്റപുഴ തോടിന്റെ നവീകരണവും കറ്റോട് ചീപ്പിന്റെ പുനർനിർമ്മാണവും ആവശ്യമാണ്.കറ്റോട് ചീപ്പ് വഴി മണിമലയാറിലേക്ക് കുറ്റപ്പുഴ തോട്ടിൽ നിന്നുമുള്ള വെള്ളത്തിന്റെ ഒഴുക്ക് സുഗമമായാൽ കവിയൂർ പുഞ്ചയിൽ സുസ്ഥിരമായി കൃഷി നടപ്പിലാക്കുവാൻ സാധിക്കും.നടപടികൾക്ക് ആവശ്യമായ രീതിയിൽ മാസ്റ്റർ പ്ലാൻ തയാറാക്കി നല്കുവാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഈമാസം 18ന് തിരുവനന്തപുരത്ത് ചേരുന്ന ഉന്നതതല യോഗത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മാത്യു.ടി.തോമസ് എം.എൽ.എ, ജില്ലാ പഞ്ചായത്തംഗവും കവിയൂർ പുഞ്ച കോ‌-ഓർഡിനേറ്ററുമായ എസ്.വി സുബിൻ,പഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു,നഗരസഭാ കൗൺസിലർമാരായ അരുന്ധതി രാജേഷ്, ശാന്തമ്മ മാത്യു,ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ആർ.രാജേഷ്,പാടശേഖര സമിതി അംഗങ്ങളായ അനിൽകുമാർ, പ്രസാദ് കുമാർ പാട്ടത്തിൽ, രാജേഷ് കാടമുറി,കെ.പി.മധുസൂദനൻപിള്ള,ലിറ്റി ഏബ്രഹാം എന്നിവരും പങ്കെടുത്തു.