കൊടുമൺ: ആനയടി-കൂടൽ റോഡ് പണിയുടെ പേരിൽ കൊടുമണ്ണിൽ ജപ്പാൻ കുടിവെളള പദ്ധതിയുടെ പൈപ്പ് പൊട്ടിയത് ആര് നന്നാക്കുമെന്ന തർക്കത്തിലാണ് പൊതുമരാമത്തും വാട്ടർ അതോറിറ്റിയും.വകുപ്പുകൾ തമ്മിലുളള പിണക്കം രണ്ടാഴ്ചയിലേറെയായി കൊടുമണ്ണുകാരുടെ കുടിവെളളം മുട്ടിച്ചിരിക്കുകയാണ്.ആനയടി -കൂടൽ റോഡിൽ ഒറ്റത്തേക്കിന് പടിഞ്ഞാറ് കോമാട്ട്മുക്കിന് സമീപത്താണ് റോഡ് പണിക്കിടെ ജല വിതരണ പൈപ്പ് പൊട്ടിയത്. മൂന്നാഴ്ച മുൻപ് പൊട്ടിയ പൈപ്പ് വാട്ടർ അതോറിറ്റി നന്നാക്കണമെന്നാണ് പൊതുമരാമത്ത് പറയുന്നത്.എന്നാൽ, ഇവിടെ പൈപ്പ് ഉണ്ടെന്നുളളത് മാർക്ക് ചെയ്ത് റോഡ് പണിക്ക് മുൻപ് പൊതുമരാമത്തിനെ അറിയിച്ചിരുന്നതാണെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നു. അറ്റകുറ്റപ്പണിക്ക് തങ്ങളുടെ പക്കൽ പണമില്ലെന്നും പൊതുമരാമത്തിനെ അറിയിച്ചിട്ടുണ്ട്. ജപ്പാൻ കുടിവെളള പദ്ധതിയുടെ വലിയ പൈപ്പാണ് പൊട്ടിയത്.താഴൂർക്കടവിൽ നിന്ന് വെളളം കൊടുമൺ പാണൂർ മുരുപ്പിലെ ടാങ്കിലേക്ക് എത്തിക്കുന്ന പൈപ്പാണിത്.പാണൂർ മുരിപ്പിലെ ടാങ്കിൽ നിന്നാണ് കൊടുമൺ പഞ്ചായത്തിൽ ജല വിതരണം നടത്തുന്നത്. സർക്കാർ വകുപ്പുകൾ തമ്മിലുളള തർക്കം കാരണം കൊടുമൺ പഞ്ചായത്തിലെയാകെ ജലവിതരണം നിലച്ചിരിക്കുകയാണ്. രണ്ടാഴ്ചയിലേറെയായി ഉയർന്ന പ്രദേശങ്ങളിൽ വെളളമില്ല. പൈപ്പ് വെളളത്തെ ആശ്രയിച്ച് ജീവിക്കുന്നത് ആയിരങ്ങളാണ്. ഇവർ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലെ കിണറുകളിൽ നിന്നും പണം കൊടുത്തുമാണ് ഇപ്പോൾ വെളളം എത്തിക്കുന്നത്. നൂറോളം അന്തേവാസികൾ ഒരുമിച്ച് കഴിയുന്ന കൊടുമൺ മഹാത്മ ജനസവേന കേന്ദ്രത്തിലും വെളളമില്ല. രോഗികളും വൃദ്ധരുമാണ് ഇവിടെ കഴിയുന്നവരിലേറെയും.

'' രണ്ടാഴ്ചയായി പൈപ്പിൽ വെളളമില്ല. ടെമ്പോയിലെ ടാങ്കിൽ കൊണ്ടുവരുന്ന വെളളം പണം കൊടുത്തു വാങ്ങിക്കുകയാണ്. രോഗിയായ ഭർത്താവും രണ്ട് കുഞ്ഞുങ്ങളുമാണ് വീട്ടിലുളളത്.

സുരേഖ, വീട്ടമ്മ.

വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി പൊട്ടിയ പൈപ്പ് മാറ്റിയിടാൻ നടപടിയെടുക്കും.

(പൊതുമരാമത്ത് അധികൃതർ)

പൈപ്പ് പൊട്ടിയതിന്റെ ഉത്തരവാദിത്വം പൊതുമരാമത്തിനാണ്. വലിയ പൈപ്പുകളുടെ അറ്റകുറ്റപ്പണിക്ക് വാട്ടർ അതോറിറ്റിക്ക് പണമില്ല.

(വാട്ടർ അതോറിറ്റി അധികൃതർ)

-പ്രശ്നം വകുപ്പുകൾ തമ്മിലുള്ള തർക്കം

-പൊട്ടിയത് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ വലിയ പൈപ്പ്

-പ്രദേശത്ത് രണ്ട് ആഴ്ചയായി വെള്ളമില്ല

-ഇപ്പോൾ വെള്ളം വാങ്ങുന്നത് പണം കൊടുത്ത്