പത്തനംതിട്ട : ആശുപത്രികളിൽ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന മൂത്ര ട്യൂബുകൾ (കത്തീറ്റർ) കൊണ്ട് നിർമിച്ചതെന്ന് സംശയിക്കുന്ന കവണകൾ പമ്പയിൽ വിൽപ്പന നടത്തുന്നു. മലബാർ മേഖലയിൽ ഇത്തരം കവണകൾ കണ്ടെത്തി വിൽപ്പന തടഞ്ഞിരുന്നു. പരിസ്ഥിതിയ്ക്ക് ദോഷകരമാകുന്ന റബർ ട്യൂബ് ഉൽപ്പന്നങ്ങൾ പമ്പയിൽ ഉപയോഗിക്കുന്നതിന് വിലക്ക് നിലനിൽക്കെയാണ് നിയന്ത്രണമില്ലാതെയുള്ള കവണ വിൽപ്പന. തമിഴ്നാട്, ആന്ധ്ര സ്വദേശികളാണ് ഇതിന് പിന്നിൽ.
ആശുപത്രികളിൽ പകർച്ചവ്യാധികളടക്കമുള്ള രോഗങ്ങളുള്ളവർ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന മൂത്രട്യൂബുകൾ ആണ് ഇതെങ്കിൽ വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്ന് ഡോക്ടർമാർ പറയുന്നു. നാട്ടിൻപുറങ്ങളിലെ ഉത്സവങ്ങളിലും പള്ളി പെരുന്നാളിലുമെല്ലാം ഇത്തരം കവണകൾ വിൽപ്പനയ്ക്കായി ധാരാളമായി കാണപ്പെടാറുണ്ട്. മുൻപ് വീതികൂടിയ റബർ കൊണ്ടുള്ള കവണകൾ ആയിരുന്നു വില്പനയ്ക്ക് ഉണ്ടായിരുന്നത്. ചില കുട്ടികൾ ഇത് കടിച്ചു പിടിച്ചു കൊണ്ട് നടക്കാറുമുണ്ട്.
ഉപയോഗത്തിന് ശേഷം
ആശുപത്രികളിൽ രോഗികൾ ഉപയോഗിച്ചതിന് ശേഷം കത്തീറ്ററുകൾ ഐ.എം.എയ്ക്ക് കീഴിലുള്ള ഇമേജ് എന്ന സ്ഥാപനത്തിലേക്കാണ് കൊണ്ടു പോകുന്നത്. ഇത് വീണ്ടും മറ്റ് ഉൽപന്നങ്ങളാക്കി മാറ്റുകയാണ് പതിവ്. പൈപ്പുകൾ നിർമിക്കുന്നതിന് ഇത് ഉപയോഗിക്കാറുണ്ട്. സാധാരണ രീതിയിൽ എത്ര അണുനശീകരണം നടത്തിയാലും ഇവ പുനരുപയോഗിക്കാൻ സാധിക്കില്ല. ഉയർന്ന ചൂടിൽ നിരവധി തവണ അണുനശീകരണം നടത്തിയാണ് പൈപ്പുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്.
കത്തീറ്ററിന്റെ വില :120 രൂപ
കവണയുടെ വില : 20 രൂപ
ഉപയോഗിക്കാത്ത ട്യൂബ് വാങ്ങി കവണ നിർമിച്ചാൽ വില കൂടാനാണ് സാദ്ധ്യത. മെഡിക്കൽ സ്റ്റോറുകളിൽ കാലാവധി കഴിഞ്ഞ ട്യൂബുകൾ കമ്പനിയ്ക്ക് തിരികെ നൽകുകയാണ് ചെയ്യുന്നത്.
"ഇങ്ങനെയൊരു സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പരാതി ആരും തന്നിട്ടില്ല. പരാതി ലഭിച്ചാൽ തീർച്ചയായും പരിശോധന നടത്തും. വിൽപനയുടെ കാര്യത്തിൽ ആരോഗ്യ വകുപ്പിന് തീരുമാനം എടുക്കാൻ പറ്റില്ലല്ലോ. ഇങ്ങനെയൊരു സംശയം തോന്നിയ സ്ഥിതിയ്ക്ക് പരിശോധന നടത്തേണ്ടതുണ്ട്."
ഡി.എം.ഒ
എ.എൽ ഷീജ