മലയാലപ്പുഴ: നിരവധി ഭക്തജനങ്ങളെത്തുന്ന മലയയാലപ്പുഴ ക്ഷേത്രം ജംഗ്ഷനിൽ വെയിറ്റിഗ് ഷെഡ് ഇല്ലാത്തത് ഭക്തജനങ്ങളേയും നാട്ടുകാരെയും ബുദ്ധിമുട്ടിലാക്കുന്നു. ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഇവിടെ തല്ല തിരക്കാണനുഭവപ്പെടുന്നത്. സമീപ ജില്ലകളിൽ നിന്ന് നൂറു കണക്കിന് ഭക്തജനങ്ങളാണ് മലയാലപ്പുഴ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുന്നത്. മഴ സമയത്തും, വെയിൽ സമയത്തും ഇവിടെ എത്തുന്നവർ ബസ് കാത്ത് നിൽക്കുന്നത് റോഡിലും, കടവരാന്തകളിലുമാണ്.ഇവിടെ നിന്നും പത്തനംതിട്ടയിലേക്ക് സർവീസ് നടത്തുന്ന ബസുകളും, ട്രിപ്പ് ജീപ്പുകളും ആളുകളെ കയറ്റുന്നത് പടിഞ്ഞാറേ നടയിലുള്ള കാണിക്കമണ്ഡപത്തിന്റെ സമീപത്ത് നിന്നാണ്. ദേവസ്വം ബോർഡിന്റെ ഷോപ്പിംഗ് കോപ്ലക്‌സിന്റെ വരാന്തയിലാണ് പത്തനംതിട്ടയിലേക്ക് പോകുന്ന യാത്രക്കാർ ബസ് കാത്ത് നിൽക്കുന്നത്. ഷോപ്പിംഗ് കോപ്ലക്‌സിന്റെ താഴത്തെ നിലയിൽ മുഴുവൻ കച്ചവട സ്ഥാപനങ്ങളായതിനാൽ യാത്രക്കാരിവിടെ കൂട്ടം കൂടി നിൽക്കുന്നത് കച്ചവടക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ഗതാഗതക്കുരുക്ക് രൂക്ഷം
പത്തനംതിട്ട ഭാഗത്ത് നിന്ന് മലയാലപ്പുഴയിലേക്ക് വരുന്ന ബസുകൾ ഗവ:എൽ.പിസ്‌കൂളിന് മുൻപിൽ നിറുത്തിയാണ് യാത്രക്കാരെ ഇറക്കുന്നതും,കയറ്റുന്നതും.ഇവിടുത്തെ കട കടകളുടെ വരാന്തകളിലാണ് പുതുക്കുളം, തലച്ചിറ, കുമ്പളാംപൊയ്ക,വടശേരിക്കര,ചങ്ങറ ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാർ ബസ് കാത്ത് നിൽക്കുന്നത്. ഞായർ, ചൊവ്വ,വെള്ളി ദിവസങ്ങളിൽ ഇവിടെ ഗതാഗത കുരുക്കും രൂക്ഷമാണ്.ക്ഷേത്രം ജംഗ്ഷനിൽ വെയിറ്റിഗ് ഷെഡ് നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടങ്കിലും ഇനിയും നടപ്പായിട്ടില്ല.