തിരുവല്ല: പാലം ബലക്ഷയത്തിൽ; ഭാരം കയറ്റിയ വാഹനങ്ങൾ നിരോധിച്ചിരിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് നഗരസഭ സ്ഥാപിച്ച ഈ മുന്നറിയിപ്പ് ബോർഡ് കണ്ട് പ്രതീക്ഷ നഷ്ടപ്പെട്ട നിലയിലായിരുന്നു നാട്ടുകാർ. നഗരസഭ 21ാം വാർഡിലാണ് റോഡിനേക്കാൾ വീതി കുറഞ്ഞതും ബലക്ഷയമുള്ളതുമായ ചിറപ്പാട് പാലം. മണിമലയാറിന്റെ കൈവഴിക്ക് കുറുകെ ചിറപ്പാട് പുതിയ പാലം നിർമ്മിക്കുവാൻ മാത്യു ടി.തോമസ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ അനുവദിച്ചത് നാട്ടുകാരിൽ പ്രതീക്ഷ ഉയർത്തി.ഇറിഗേഷൻ വകുപ്പിനാണ് പുതിയ പാലത്തിന്റെ നിർമ്മാണ ചുമതല. വെളിയംകടവ് ചിറപ്പാട് തിരുമൂലപുരം റോഡിൽ നിലവിലെ കാലപ്പഴക്കമുള്ള പാലം ഏറെക്കാലമായി കൈവരിയും സംരക്ഷണ ഭിത്തിയും പൊളിഞ്ഞു അപകടഭീഷണിയിലായിരുന്നു.ഭാരം കയറ്റിയ വലിയ വാഹനങ്ങൾക്കൊന്നും ഇതുവഴി പ്രവേശനം ഉണ്ടായിരുന്നില്ല. ഇതുകാരണം പ്രദേശത്തിന്റെ വികസനംപോലും വഴിമുട്ടിയ സ്ഥിതിയായിരുന്നു. പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ കദളിമംഗലം,കല്ലുങ്കൽ,പുളിക്കീഴ് എന്നിവിടങ്ങളിലേക്ക് എം.സി റോഡിൽ നിന്നുള്ള എളുപ്പമാർഗമാണ്.നഗരസഭയുടെ പരിധിയിലെ ചുള്ളിക്കൽ,കണ്ണൻചിറ,തിരുവാറ്റാ,കൈപ്പുഴമഠം, കാഞ്ഞിരവേലി എന്നിങ്ങനെ ചെറുതും വലുതുമായ നിരവധി പാലങ്ങൾ യാത്രക്കാർക്ക് അപകടഭീഷണി ഉയർത്തി നിലകൊളളുന്നുണ്ട്.ഈ പാലങ്ങളും പുതുക്കി നിർമ്മിക്കാൻ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.
ചിറപ്പാട് പുതിയ പാലം പണിയാനുള്ള ഭരണാനുമതി ലഭിച്ചതിനാൽ ടെണ്ടർ നടപടികൾ പൂർത്തിയാക്കി ഉടൻ പണി തുടങ്ങാൻ കഴിയും.
മാത്യു ടി.തോമസ്
(എം.എൽ.എ)