പന്തളം: വീട് നിർമ്മാണത്തിന് ഇരട്ട ആനുകൂല്യം നൽകിയതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൻ പന്തളം നഗരസഭാ സെക്രട്ടറിയെ ഓഫീസിൽ തടഞ്ഞുവച്ചു.ആനുകൂല്യം നൽകിയതിനെക്കുറിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നായിരുന്നു പ്രതിഷേധം.
ഇന്നലെ രാവിലെയായിരുന്നു ഉപരോധം. 25ാം ഡിവിഷനിൽ നടന്ന അഴിമതികളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താമെന്ന് നഗരസഭാ സെക്രട്ടറി ജി.ബിനു അറിയിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റി അംഗം റഹ്മത്തുള്ള ഖാൻ ,എൻ.സി.അഭീഷ്, ശ്രീഹരി, എച്ച്. ജുബിൻ, ഉദയൻ, ചന്ദ്രലാൽ അഭിലാഷ്, ഹരികുമാർ ,ഷെഫീഖ്, രാജേഷ്, സുഭാഷ്, എന്നിവർ പങ്കെടുത്തു.
ആനുകൂല്യ വിതരണത്തിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഇന്നലെ നടന്ന നഗരസഭാ കൗൺസിലിൽ ബി.ജെ.പി.കൗൺസിലർമാർ ആവശ്യപ്പെട്ടു. തുടർന്ന് അവർ കമ്മറ്റി ബഹിഷ്‌കരിച്ച് നഗരസഭ ഓഫീസിനു മുമ്പിൽ ധർണ നടത്തി. കൗൺസില
മാരായ, എസ്,സുമേഷ് കുമാർ ,കെ.വി. പ്രഭ, സിന, കെ.ശ്രീലത, ബി. ശ്രീലേഖ എന്നിവർ പങ്കെടുത്തു.
അന്വേഷണം വിജലൻസിനു നൽകാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. 25ാം വാർഡിലെ പൂഴിക്കാട് ഉണ്ണി വിലാസത്തിൽ തുളസിക്ക് വീട് പണിയാൻ പണം നൽകിയതിൽ അഴിമതി കാട്ടിയെന്നാണ് ആരോപണം. 2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ഈ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ കെയർ കേരള പദ്ധതിയിലുൾപ്പെടുത്തി വിടുനൽകിയിരുന്നു . കുരമ്പാല സർവീസ് സഹകരണ ബാങ്ക് ഇവർക്ക് കെയർ ഹോം പദ്ധതി പ്രകാരം നാല് ലക്ഷം രുപയും റവന്യു വകുപ്പ് 95, 000 രുപയും ഉൾപ്പെടെ 4,95 ,000 രൂപയാണ് വീട് പണിയുന്നതിന് നൽകിയത്. പി.എം.എ. വൈ.ഭവന പദ്ധതിയിലുൾപ്പെടുത്തി പന്തളം നഗരസഭയും വീട് നിർമ്മിക്കാൻ നാലു ലക്ഷം രൂപയും നൽകി. ഇതാണ് വിവാദമായത്.
ബി.ജെ.പിയും ഡി.വൈ.എഫ്.ഐയും നടത്തിയ സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് യു.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു. ആനുകൂല്യം ,നൽകുന്നതും സർട്ടിഫിക്കറ്റുകൾ നൽകുന്നതും ഉദ്യോഗസ്ഥരുടെ സമഗ്ര അന്വേഷണത്തിലൂടെയാണ്. ഒരാൾ രണ്ട് ആനുകല്യങ്ങൾ കൈപ്പറ്റിയെങ്കിൽ അത് ഉദ്യോഗസ്ഥ വീഴ്ചയാണെന്ന് കൗൺസിലർമാരായ കെ.ആർ. വിജയകുമാർ, എ. നൗഷാദ് റാവുത്തർ, അഡ്വ. കെ.എസ്. ശിവകുമാർ, ജി. അനിൽ കുമാർ ,എം. ജി.രമണൻ. ആനി ജോൺ തുണ്ടിൽ,സുനിതാവേണു, മഞ്ജുവിശ്വനാഥ് എന്നിവർ പറഞ്ഞു.