sabarimala

ശബരിമല : സന്നിധാനത്ത് ശർക്കരക്ഷാമം രൂക്ഷമായതോടെ കരാർ കമ്പനിക്കെതിരെ നിയമ നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്. അപ്പം, അരവണ നിർമ്മാണം ശർക്കരയുടെ കുറവ് മൂലംപ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് കരാറുകാരായ മഹാരാഷ്ട്ര ആസ്ഥാനമായുള്ള വർദ്ദാൻ ആഗ്രോ പ്രോസസിംഗ് ലിമിറ്റഡ് കമ്പനി മാനേജിംഗ് ഡയറക്ടർക്ക് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ നോട്ടീസ് നൽകിയത്.

കരാർ പ്രകാരം കമ്പനി നവംബർ മാസം 20 ലക്ഷം കിലോ ശർക്കര നൽകേണ്ടതായിരുന്നു. എന്നാൽ, 2.18 ലക്ഷം കിലോ മാത്രമാണ് എത്തിച്ചത്. തുടർന്ന് ലോക്കൽ പർച്ചേസ് വഴി 10 ലക്ഷം കിലോ ശർക്കര വാങ്ങാൻ ബോർഡ് തീരുമാനിച്ചു. തിരുവനന്തപുരം ശിവാ കൊമേഴ്‌സൽ 5 ലക്ഷം കിലോ ശർക്കര കഴിഞ്ഞയാഴ്ച എത്തിച്ചു. കഴിഞ്ഞ വർഷത്തെ മിച്ചമുള്ള ആറ് ലക്ഷം കിലോ ശർക്കര കൊണ്ടാണ് പിടിച്ചുനിൽക്കാനായത്.

ഇപ്പോൾ ഒന്നര ലക്ഷം കിലോ ശർക്കര മാത്രമാണ് സ്റ്റോക്കുള്ളത്. ഇത് മൂന്ന് ദിവസത്തേക്കേ തികയു. മൂന്നു മാസം മുമ്പ് വടക്കേ ഇന്ത്യയിലുണ്ടായ പ്രകൃതി ദുരന്തത്തിൽ കരിമ്പുകൃഷി വ്യാപകമായി നശിച്ചതിനാൽ ശർക്കര നിർമ്മാണം കുറഞ്ഞെന്നാണ് കരാർ കമ്പനിയുടെ വാദം. ഈ മാസം മുതൽ ശർക്കര നിർമ്മാണം പുനരാരംഭിച്ചതായി അറിയിച്ചിട്ടുണ്ടെങ്കിലും ബോർഡ് ഇത് പൂർണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.

രണ്ട് വർഷം മുമ്പുവരെ നാല് കമ്പനികൾക്കായി കരാർ വീതിച്ചു നൽകുകയായിരുന്നു .പിന്നീട് ഒരു കമ്പനിക്ക് മാത്രമായി . ഇപ്പോൾ ശിവാ കൊമേഴ്‌സൽ തിരുവനന്തപുരം, കൊ ല്ലം, എറണാകുളം തുടങ്ങിയ ഗോഡൗണുകൾ കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശർക്കരയും ശേഖരിച്ചാണ് എത്തിക്കുന്നത്. ദേവസ്വം ബോർഡിന്റെ പന്തളം, മലയാലപ്പുഴ, എരുമേലി, നിലയ്ക്കൽ ക്ഷേത്രങ്ങളിലും ഇവരാണ് ശർക്കര എത്തിക്കുന്നത്.