അടൂർ:പള്ളിക്കൽ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സി.പി.എം,സി.പി.ഐ കക്ഷികളുമായി അവിശുദ്ധ കൂട്ടുകെട്ട് നടത്തിയ കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഇന്നലെ നടന്ന കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗം ഐ ഗ്രൂപ്പ് ബഹിഷ്ക്കരിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.ബിജു വർഗീസ്,എസ്.ബിനു,ബിജിലി ജോസഫ്,ബിനു എസ്.ചക്കാലയിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബഹിഷ്ക്കരണം.കോൺഗ്രസ് ഭരണം നടത്തി വന്ന ബാങ്കിൽ മത്സരം ഒഴിവാക്കാനായി രണ്ട് സീറ്റുകൾ സി.പി.എംനും ഒരുസീറ്റ് സി.പി.ഐക്കും നൽകി മത്സരം ഒഴിവാക്കുകയും 13 സ്ഥാനങ്ങളിൽ 10 ഇടത്തേക്ക് മാത്രം കോൺഗ്രസ് സ്ഥാനാർത്ഥികളെ നിറുത്തി മത്സരിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ചാണ് ബഹിഷ്ക്കരണം.ഇത്തരത്തിൽ അടൂരിലെ പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന വിഷയങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഐ വിഭാഗം കെ.പി.സി.സി പ്രസിഡന്റിനും കത്ത് നൽകി.പള്ളിക്കൽ സർവീസ് സഹകരണ ബാങ്കിൽ പ്രസിഡന്റ് സ്ഥാനം കൈയാളുന്നതിനായി ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി നീക്ക് പോക്കുണ്ടാക്കിയത് നാട്ടിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതായി പരാതിയിൽ പറയുന്നു.കഴിഞ്ഞ അസംബ്ളി തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ദയനീയ തോൽവി ഏറ്റുവാങ്ങിയ നേതൃത്വത്തിന്റെ പിടിപ്പുകേടാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പാർട്ടി പിന്തള്ളപ്പെടാൻ കാരണമെന്നും പാലർമെന്റ് തിരഞ്ഞെടുപ്പിൽ സി.പി.എംമായി നടത്തിയ നീക്ക് പോക്ക് വരാൻ പോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ അവർത്തിക്കപ്പെടുമെന്നും ഐ ഗ്രൂപ്പ് ആരോപിക്കുന്നു.കാർഷിക വികസന ബാങ്കിൽ ഒഴിവു വന്ന തസ്തികകളിൽ പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്ന ചെറുപ്പക്കാരെ ഒഴിവാക്കി തന്നിഷ്ടക്കാരെ തിരുകി കയറ്റിയ നടപടിയും പാർട്ടി പ്രവർത്തകർക്കിടയിൽ മോശമായ പ്രതിച്ഛായ സൃഷ്ടിക്കാൻ ഇടയാക്കിയതെന്നും കെ.പി.സി.സി പ്രസിഡന്റിന് നൽകിയ പരാതിയിൽ ചൂണ്ടി കാട്ടുന്നു.