റാന്നി: അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ സമുദായ അംഗങ്ങൾ ഒന്നായി നില്ക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ പറഞ്ഞു. വെൺകുറിഞ്ഞി എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ അടൽ ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം നിർഹിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ മേഖലയിൽ ഏറ്റവും കുറവ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എസ്.എൻ.ഡി.പി.യോഗത്തിനാണ്. പാവങ്ങളിൽ പാവപ്പെട്ട ഒരു കുട്ടിക്ക് വീട് നിർമിച്ചു നല്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം സ്‌കൂളിലെ അദ്ധ്യാപകരോടും കുട്ടികളോടും നിർദേശിച്ചു. സർക്കാരിന് എല്ലാവർക്കും വീടുവച്ചുകൊടുക്കാൻ കഴിയില്ല. ദിവസവും കിട്ടുന്ന ചെറിയ തുകകൾ സമാഹരിച്ച് കിടപ്പാടമില്ലാത്ത ഒരാളെയെങ്കിലും സഹായിക്കണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സർക്കാർ സ്‌കൂളുകൾ സ്വകാര്യമേഖലയിലെ വിദ്യാലയങ്ങളേക്കാൾ വളർന്നു. അദ്ധ്യാപകർക്ക് പഠിപ്പിക്കണം എന്ന ചിന്തയും കുട്ടികൾക്ക് പഠിക്കണമെന്ന ചിന്തയുമായി. സ്വകാര്യ സ്കൂളുകളിലും ഇൗ നിലവാരം വേണമെന്ന് അദ്ദേഹം പറഞ്ഞു.

രാജു ഏബ്രഹാം എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി.യോഗം അസിസ്റ്റന്റ് സെക്രട്ടറി എം.വി.അജിത്ത് കുമാർ, യോഗം വിദ്യാഭ്യാസ സെക്രട്ടറി പി.സുദർശനൻ, എരുമേലി യൂണിയൻ പ്രസിഡന്റ് കെ.ബി.ഷാജി, ഡി.എച്ച്.എസ്.ഇ.റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ.ഐ.ആർ.ജിജോ, ജില്ലാ പഞ്ചായത്തംഗം പി.വി.വർഗീസ്,, ഗ്രാമ പഞ്ചായത്തംഗം ഇ.വി.വർക്കി, പ്രിൻസിപ്പൽ ബി.രാജശ്രീ, ഹെഡ്മിസ്ട്രസ് എൻ.ഓമനകുമാരി എന്നിവർ പ്രസംഗിച്ചു.