കോന്നി : സർക്കാർ ഫണ്ട് ലഭ്യമല്ലാതായതോടെ കോന്നിയുടെ രാവുകളെ പകലാക്കി മാറ്റാൻ തുടങ്ങിയ ഗ്രാമജ്യോതി പദ്ധതി തുടക്കത്തിലേ പാളി. പഞ്ചായത്തിലെ മുഴുവൻ തെരുവുവിളക്കുകളും പ്രകാശിപ്പിക്കുന്നതിന് ഭരണ സമിതി തയ്യാറാക്കിയ പദ്ധതിയാണ് ട്രഷറിൽ നിന്ന് പണം ലഭിക്കാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്നത്. കോന്നി, വകയാർ, കുമ്പഴ ഇലക്ട്രിക്കൽ സെക്ഷനുകളുടെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്.

പദ്ധതി തുടങ്ങിയതോടെ ഗ്രാമപഞ്ചായത്തിൽ വൈദ്യുതി വിളക്കുകൾ ഒരു ദിവസം പോലും പ്രവർത്തന രഹിതമാകില്ലെന്നായിരുന്നു പ്രതീക്ഷ. 18 വാർഡുകളാണ് പഞ്ചായത്തിൽ ഉള്ളത്. പദ്ധതി കാര്യക്ഷമമായാണ് തുടങ്ങിയതെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം ബില്ലുകൾ മാറാത്തതാണ് പദ്ധതി മുടങ്ങാൻ കാരണം. രണ്ട് ജീവനക്കാരെയും പദ്ധതിയ്ക്കായി താൽക്കാലികമായി നിയമിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുള്ളത്.

പത്ത് വാർഡുകളിൽ പ്രതിസന്ധി

ഒന്നു മുതൽ 10വരെ വാർഡുകൾ ഉൾപ്പെടുന്ന കോന്നി താഴം മേഖലയിലെ ഭൂരിഭാഗം തെരുവ് വിളക്കുകളും പ്രകാശിക്കാതെയായിട്ട് മാസങ്ങളായി. വിഷയം നിരവധിതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. മണ്ഡലകാലം കൂടി എത്തിയതോടെ പ്രശ്‌നം കൂടുതൽ സങ്കീർണമായിരിക്കുകയാണ്. ശബരിമല തീർത്ഥാടകർ കാൽനടയായി പോകുന്ന പ്രധാന റോഡുകളിലടക്കം തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല. കോന്നി - മുരിങ്ങമംഗലം- അട്ടച്ചാക്കൽ - ആഞ്ഞിലികുന്ന് റോഡിലെ ഒട്ടുമിക്ക തെരുവുവിളക്കുകളും നോക്കുകുത്തികളാണ്. ചെങ്ങറ, കൊന്നപ്പാറ, താവളപ്പാറ തുടങ്ങിയ മേഖലകളിലും സ്ഥിതി വ്യത്യസ്ഥമല്ല. പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിൽ ഉൾപ്പെടുന്നതും ശബരിമല തീർത്ഥാടകർ ഏ​റ്റവും കൂടുതൽ ആശ്രയിക്കുന്നതുമായ ആഞ്ഞിലികുന്ന് - കിഴക്കുപുറം - മലയാലപ്പുഴ റോഡിലെ ഒരു തെരുവുവിളക്ക് പോലും പ്രകാശിക്കുന്നില്ല. വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം കൂടുതലായുള്ള മേഖലകളിൽ തെരുവുവിളക്കുകൾ പ്രകാശിക്കാത്തത് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. അ​റ്റകു​റ്റപ്പണികൾ കൃത്യമായി നടത്താത്തതാണ് പലയിടത്തും പ്രശ്‌നങ്ങൾക്ക് കാരണം.

ട്രഷറിയിൽ നിന്ന് ബില്ലുകൾ മാറാത്തതാണ് പ്രതിസന്ധിക്ക് കാരണം. കാരാറുകാർക്ക് പഞ്ചായത്ത് ചെക്ക് നൽകിയെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ട്രഷറി മടക്കി. പഞ്ചായത്തിന്റെ ഇടപെടലിനെ തുടർന്ന് അറ്റകുറ്റപ്പണികൾ വീണ്ടും തുടങ്ങിയിട്ടുണ്ട്.

പ്രവീൺ പ്ളാവിളയിൽ (ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്)

പഞ്ചായത്തിന്റെ അനാസ്ഥയ്ക്കെതിരെ സമരം തുടങ്ങും. വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം കൂടുതലായുള്ള മേഖലകളിൽ തെരുവുവിളക്കുകൾ പ്രകാശിക്കാത്തത് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ശബരിമല തീർത്ഥാടനം കൂടി മുൻനിറുത്തി പഞ്ചായത്ത് അധികൃതർ അടിയന്തിരമായി ഇടപെട്ട് തെരുവുവിളക്കുകൾ പ്രകാശിപ്പിക്കണം.

ജിജോ മോഡി

(സി.പി.എം കോന്നി താഴം ലോക്കൽ സെക്രട്ടറി )