പത്തനംതിട്ട : നഗരത്തിൽ നടന്ന് നാടകം കളിച്ചുകൊണ്ട് അരങ്ങിന്റെ പുതിയ മുഖം പരിചയപ്പെടുത്തുകയാണ് അമേച്വർ നാടക പ്രവർത്തകരുടെ സംഘടനയായ നെറ്റ് വർക്ക് ഓഫ് ആർട്ടിസ്റ്റിക് തിയേറ്റർ ആക്ടിവിസ്റ്റ് കേരള (നാടക്). നാടകിന്റെ ഒന്നാം സംസ്ഥാന സമ്മേളന പ്രചരണാർത്ഥമാണ് സെന്റ് പീറ്റേഴ്‌സ് ജംഗ്ഷൻ മുതൽ പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്റ് വരെയുള്ള അഞ്ചിടങ്ങളിൽ ലഘു നാടകങ്ങൾ അവതരിപ്പിച്ചത്. മധു, കെവിൻ, ഫാത്തിമ, ലത്തീഫ്, വാളയാർ പെൺകുട്ടികൾ, ഷെഹ്ല ഷെറിൻ എന്നിങ്ങനെ കേരള സമൂഹത്തെ പിടിച്ചുലച്ച അഞ്ചുസംഭവങ്ങളാണ് ലഘുനാടകങ്ങളായി നഗരത്തിൽ അവതരിപ്പിച്ചത്. പ്രമുഖ നാടൻ പാട്ടുകാരൻ സുരേഷ് സോമ കൊട്ടിപ്പാടികൊണ്ടാണ് നാടക നടത്തം ഉദ്ഘാടനം ചെയ്തത്. പാട്ടുംകൊട്ടും നിശ്ചലമായ ഇമേജുകളും ശബ്ദപ്രകടനങ്ങളും വേറിട്ട അനുഭവമാക്കി ജില്ലാ പ്രസിഡന്റ് മനോജ് സുനിയും സെക്രട്ടറി പ്രിയരാജ് ഭരതനും നേതൃത്വം നൽകി. അടൂർ ഹിരണ്യൻ, ഹരിഹരനുണ്ണി, കെ.എസ്. ബിനു, രാജേഷ് ഓമല്ലൂർ, രഞ്ജിത്ത്, കടമ്മനിട്ട മഹേഷ്, സുനിൽ സരിഗ, പ്രിയത ഭരതൻ എന്നിവർ പങ്കെടുത്തു. ആദർശ് ചിറ്റാർ, പൃഥ്വിരാജ് എന്നിവരുടെ നേതൃത്വത്തിൽ പാട്ടുംകൊട്ടും അരങ്ങേറി.