കൊടുമൺ : വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പാലം യാഥാർത്ഥ്യമായങ്കിലും അപ്രോച്ച് റോഡുകളുടെ നിർമ്മാണം പൂർത്തികരിക്കാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കോമാട്ടുമുക്ക് - അങ്ങാടിക്കൽ മണക്കാട് ക്ഷേത്രം റോഡിൽ വർഷങ്ങളായി അപകടാവസ്ഥയിലായിരുന്ന പാലം ജില്ലാ പഞ്ചായത്തംഗം ആർ.ബി രാജീവ് കുമാറിന്റെ ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ ചെലവഴിച്ചാണ് പുനർനിർമ്മിച്ചത്.വീതി കൂട്ടി പാലം നിർമ്മിച്ചെങ്കിലും പാലത്തിന്റെ ഇരുവശവും മണ്ണിട്ട് ഉയർത്തി ചെറിയ വാഹനങ്ങൾക്ക് കടന്നുപോകുവാൻ സാധിക്കും വിധം മെറ്റൽ പാകുക മാത്രമാണ് ചെയ്തത്. പാലത്തിൽ പൂർണമായും ടാറിംഗ് നടത്താത്തത് മൂലം വലിയ വാഹനങ്ങൾക്ക് കിലോമീറ്റർ ചുറ്റേണ്ട ഗതികേടിലാണ്. അങ്ങാടിക്കൽ വടക്ക് പ്രദേശങ്ങളിൽ ഉള്ളവർക്ക് കൊടുമൺ, അങ്ങാടിക്കൽ തെക്ക് പ്രദേശങ്ങളിൽ എത്തിചേരുവാൻ ഈ റോഡായിരുന്നു ആശ്രയം.പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ പണി എത്രയും വേഗം പൂർത്തിയാക്കി യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.