മല്ലപ്പള്ളി: മണിമലയാറ്റിലെ തടയിണയിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം നാട്ടുകാർ തടഞ്ഞു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. മദ്യലഹരിയിലായിരുന്ന യുവാവ് ആറ്റിൽചാടി മരിക്കാൻ പോകുകയാണെന്ന് ചിലരോട് പറഞ്ഞശേഷം പൂവനക്കടവിലേക്ക് പോയി. സംശയം തോന്നിയ ഓട്ടോ, ടാക്‌സി തൊഴിലാളികളും നാട്ടുകാരും പിന്നാലെ ചെന്നപ്പോഴേക്കും വലിയപാലത്തിന് ഇരുപത് മീറ്റർ താഴെയുള്ള തടയണയിലേക്ക് ഇയാൾ ഇറങ്ങിയിരുന്നു. ഒഴുക്കിൽപ്പെടുമെന്ന് മനസിലാക്കിയ മല്ലപ്പള്ളിയിലെ ടെമ്പോ ഡ്രൈവറും നിരവധിയാളുകളെ ആറ്റിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുള്ള ഓതറകുന്നേൽ അനിയനും മറ്റൊരാളും ചേർന്ന് സാഹസികമായി യുവാവിനെ കരയ്ക്ക് എത്തിക്കുകയായിരുന്നു. മല്ലപ്പള്ളി സി.ഐ സി.ടി. സഞ്ജയ്, കീഴ്വായ്പ്പൂര് എസ്.ഐ ബി.എസ്. ആദർശ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി. തിരുവല്ലയിൽ നിന്ന് ഫയർഫോഴ്‌സ് സംഘവും രക്ഷയ്ക്ക് എത്തി. പൊലീസിന്റെ നേതൃത്വത്തിൽ യുവാവിനെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകി.