kodumon

കൊടുമൺ: ഒറ്റത്തേക്കിൽ മാലിന്യപ്ളാന്റ് നിർമിക്കാനുളള ഗ്രാമപഞ്ചായത്തിന്റെ നീക്കത്തിനെതിരെ ജനരോഷം ഇരമ്പി. പൗരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ ഗ്രാമ പഞ്ചായത്ത് യോഗം ചേർന്ന ഹാളിലേക്ക് ഇരച്ചുകയറി. പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞിനും അംഗങ്ങൾക്കും മുന്നിൽ പ്ളാക്കാർഡുമേന്തി മുദ്രാവാക്യം വിളിച്ചു. ബഹളത്തിനൊടുവിൽ, പൗരസമിതിയുമായി ചർച്ച നടത്താതെ ഒന്നും തീരുമാനിക്കില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി നൽകിയ ഉറപ്പിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.

ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ കൊടുമൺ ബി.എസ്.എൻ.എൽ ഒാഫീസിന് മുന്നിൽ നിന്ന് ഗ്രാമ പഞ്ചായത്ത് ഒാഫീസിലേക്ക് നൂറോളം പേരാണ് പ്ളക്കാർഡ് പിടിച്ച് പ്രകടനം നടത്തിയത്. പഞ്ചായത്ത് ഒാഫീസിന് മുന്നിൽ പൊലീസ് പ്രകടനം തടഞ്ഞു. തങ്ങൾക്ക് പ്രസിഡന്റിനെയും അംഗങ്ങളെയും കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് പത്തോളം പേരെ പൊലീസ് അകത്തേക്കു കടത്തി വിട്ടു. ഗ്രാമ പഞ്ചായത്ത് യോഗം തുടങ്ങിയ സമയമായിരുന്നു. പൗരസമിതി പ്രവർത്തകർ പഞ്ചായത്ത് പ്രസിഡന്റിന്റെ സീറ്റിനു മുന്നിലേക്ക് പാഞ്ഞെത്തി മുദ്രാവാക്യം വിളിച്ചു. ഒറ്റത്തേക്കിൽ മാലിന്യ സംസ്കരണ പ്ളാന്റ് അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ പ്രഖ്യാപിച്ചു.

പൗരസമിതി കൺവീനർ ആർ.മോഹനൻ, ഭാരവാഹികളായ ജോസ് താന്നിവിള, ജെയിംസ് പരുമല, സജി, ജോസ് താമരശേരി, ബിനു ഇൗട്ടിവിള തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.