agriculture

തിരുവല്ല: തരിശുകൃഷിയിലൂടെ വിജയം കൈവരിച്ച കവിയൂർ പുഞ്ചയിൽ വീണ്ടും പുഞ്ചക്കൃഷിക്ക് തുടക്കമായി. പുഞ്ചയുടെ ഭാഗമായ നഗരസഭാ പരിധിയിലെ അണ്ണവട്ടം ഭാഗത്ത് നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ വിത്തെറിഞ്ഞു വിതയുത്സവത്തിനു തുടക്കം കുറിച്ചു. വിതയ്ക്കാനുള്ള നെൽവിത്ത് സർക്കാർ സൗജന്യമായി നൽകി. നിലമൊരുക്കലും മറ്റും കർഷകരുടെ നേതൃത്വത്തിലാണ് ചെയ്തത്. കവിയൂർ പുഞ്ചയുടെ ഭാഗമായ കുന്നന്താനം, കവിയൂർ പഞ്ചായത്തുകളിലും നെൽകൃഷി ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. മുൻസിപ്പൽ കൗൺസിലർമാരായ ബിജു, ശാന്തമ്മ, അരുന്ധതി. പാടശേഖര സമിതി ഭാരവാഹികളായ അനിൽകുമാർ കിഴക്കൻമുത്തൂർ, പ്രസാദ് കുമാർ പാട്ടത്തിൽ, അനിൽകുമാർ, മധുസൂദനൻപിള്ള എന്നിവരും കർഷകരും തൊഴിലാളികളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും വിതയുത്സവത്തിൽ പങ്കെടുത്തു.

പാടശേഖരങ്ങൾ

അണ്ണവട്ടം, നാട്ടുകടവ്, കാക്കാത്തുരുത്ത്, മീന്തലക്കര, കണ്ണോത്ത് കടവ് എന്നീ പാടശേഖരങ്ങളിലായി അഞ്ഞൂറ് ഏക്കറിൽ ഇത്തവണ നെൽകൃഷി ചെയ്യും.

180

കിഴക്കൻമുത്തൂർ, ആമല്ലൂർ, മീന്തലക്കര പാടശേഖര സമിതികളുടെ നേതൃത്വത്തിൽ 180 കർഷകർ ചേർന്നാണ് കൃഷിയിറക്കുന്നത്.