പത്തനംതിട്ട: ജില്ലാ ക്ഷീരസംഗമവും മെഴുവേലി ക്ഷീരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനവും 9,10 തീയതികളിൽ ഇലവുംതിട്ട ജെ.പി ഓഡിറ്റോറിയത്തിൽ നടക്കും. 9ന് രാവിലെ മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണക്കുറുപ്പ് പതാക ഉയർത്തും.
ക്ഷീരവികസന വകുപ്പിന്റെയും ജില്ലാ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത്, കേരളാ ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ്, മിൽമ, കേരളാ ഫീഡ്‌സ്, ആത്മ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കന്നുകാലി പ്രദർശനവും മത്സരവും ഗോരക്ഷാ ക്യാമ്പും 9ന് രാവിലെ 9ന് നെടിയകാല ക്ഷീര സഹകരണ സംഘം പരിസരത്ത് പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിൽ ഉദ്ഘാടനം ചെയ്യും. ഇലവുംതിട്ട മൂലൂർ സ്മാരക എസ്.എൻ.ഡി.പി ഹാളിൽ 10ന് ക്ഷീരസംഘം ജീവനക്കാർക്കും കർഷകർക്കുമുള്ള വിവിധ മത്സരങ്ങളും എക്‌സിബിഷനും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി. സതീഷ് കുമാർ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സുലോചന അദ്ധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് 2ന് ശില്പശാലയിൽ ജോഷി ജോസഫ് മോഡറേറ്ററായിരിക്കും. റോഷൻ റോയി വിഷയം അവതരിപ്പിക്കും. 10ന് രാവിലെ 9.30ന് ക്ഷീരവികസന സെമിനാറിൽ സി. രവീന്ദ്രൻപിള്ള മോഡറേറ്ററാകും.
11.30ന് മന്ത്രി കെ.രാജു പൊതുസമ്മേളനം ഉദ്ഘാടനവും ക്ഷീര ഗ്രാമ പ്രഖ്യാപനവും നടത്തും. വീണാ ജോർജ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ മാത്യു ടി.തോമസ്, രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാർ, കെ.യു. ജനീഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, മുൻ എം.എൽ.എമാരായ എൻ.രാജൻ, കെ.സി. രാജഗോപാലൻ, മിൽമ ചെയർമാൻ കല്ലട രമേശ്, കേരള ഫീഡ്‌സ് ചെയർമാൻ കെ.എസ്. ഇന്ദുശേഖരൻ നായർ എന്നിവർ പങ്കെടുക്കും.

വീണാ ജോർജ് എം.എൽ.എ, ക്ഷീര വികസന വകുപ്പ് ജനറൽ കൺവീനർ സിൽവി മാത്യു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണക്കുറുപ്പ്, ക്ഷീരസംഘം പ്രസിഡന്റ് എം.സി.ചാക്കോ, അസി. ഡയറക്ടർ ബി.എൽ.സുജാത എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.