തിരുവല്ല: ഒരാളുടെ ജീവനെടുത്തിട്ട് മറ്റൊരാളെ തേടിപ്പോകുന്ന രാക്ഷസരൂപമാണ് ലഹരിയെന്ന് ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ സെന്റർ മാനേജർ ഫാ. സജു തോമസ് പറഞ്ഞു. കേരളകൗമുദിയും ബിലീവേഴ്‌സ് ചർച്ച് റസിഡൻഷ്യൽ സ്‌കൂളും എക്സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച "ബോധപൗർണ്ണമി " ലഹരിവിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുന്ദരിയായ നവവധു ജീവിതത്തിലേക്ക് കടന്നുവരുന്നത് പോലെയാണ് ലഹരിയും നമ്മെ തേടിയെത്തുന്നത്. ആനന്ദത്തിലും ആഘോഷത്തിലുമെല്ലാം നിയന്ത്രണം മുഴുവൻ ലഹരി ഏറ്റെടുക്കും. പൈശാചികവും നാശവും ഭൂതവുമായ ഈ വിപത്തിനെതിരെ ചെറുപ്പത്തിൽ തന്നെ തീരുമാനമെടുക്കണം. ജീവിതത്തിൽ പരാജയങ്ങൾ മാത്രമാണ് ലഹരി നൽകുന്നത്. തലച്ചോറിന്റെ വളർച്ചയും വികാസവും നടക്കുന്ന കൗമാരകാലഘട്ടം ലഹരിക്ക് പിന്നാലെ പോകാനുള്ളതല്ല. വിവാഹ സൽക്കാരങ്ങളിലെ മദ്യം വിവാഹമോചനത്തിനും കാരണമായി. ലഹരിയെ പ്രോത്സാഹിപ്പിച്ചുള്ള ഒരു സന്തോഷവും സുഖവും വേണ്ടെന്ന് തുറന്നു പറയാനും പ്രവർത്തിക്കാനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ബിലീവേഴ്‌സ് ചർച്ച് റസിഡൻഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ ഷേർളി ആൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ ആമുഖ പ്രസംഗം നടത്തി. പ്ലസ് വൺ ക്ലാസ് ഇൻ ചാർജ്ജ് ആനി ജോർജ്ജ് പ്രസംഗിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.കെ. ശ്രീകുമാർ ക്ലാസ് നയിച്ചു.
അയ്യോ, എന്റെ കരളേ... !
തിരുവല്ല: കേരളത്തിൽ കരൾ രോഗികളുടെ എണ്ണം കൂടിയതോടെ തൊഴിലുറപ്പ് പദ്ധതിപോലെ കരൾ ഉറപ്പ് പദ്ധതിയും ആരംഭിക്കണം, അത്രമാത്രം കരൾ രോഗികൾ കേരത്തിലുണ്ടെന്നും എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.കെ.ശ്രീകുമാർ പറഞ്ഞു. കിഴക്കൻ മുത്തൂർ ബിലീവേഴ്‌സ് ചർച്ച് റസിഡൻഷ്യൽ സ്‌കൂളിൽ സംഘടിപ്പിച്ച ബോധപൗർണ്ണമി ലഹരിവിരുദ്ധ സെമിനാറിൽ ക്ളാസെടുക്കുകയായിരുന്നു അദ്ദേഹം. മദ്യപാനിക്കുവേണ്ടി ഏറ്റവുമധികം ജോലി ചെയ്യുന്ന അവയവമാണ് കരൾ. ഫാറ്റി ലിവർ, ഹെപ്പടൈറ്റിസ്, ലിവർ സിറോസിസ്, കാൻസർ എന്നിവയെല്ലാം കരളിനെ ബാധിക്കുന്നു. എട്ട് ലക്ഷത്തോളം കരൾ രോഗികൾ കേരളത്തിലുണ്ട്. കൂടാതെ ആമാശയത്തിൽ അർബുദവും പാൻക്രിയാസിന്റെ പ്രവർത്തനം നിലച്ച് പ്രമേഹരോഗിയായും മാറുന്നു. കിഡ്‌നിയുടെ പ്രവർത്തനങ്ങളെയും ലഹരി ഉപയോഗം തകരാറിലാക്കുന്നു. മദ്യലഹരി ഗുരുതരമായ ആരോഗ്യ പ്രശ്നത്തിലേക്കാണ് കേരളത്തെ നയിക്കുന്നത്. ശാസ്ത്രവും സാങ്കേതികവിദ്യയും വികസിച്ചിട്ടില്ലാത്ത നൂറ് വർഷം മുമ്പേ മദ്യത്തിന്റെ വിപത്തിനെക്കുറിച്ച് ക്രാന്തദർശിയായ ശ്രീനാരായണഗുരു ഉദ്ബോധിപ്പിച്ചത് പാലിക്കാത്തത് നാടിനെ വിപത്തിലേക്ക് നയിക്കുന്നു.