തിരുവല്ല: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല നിലവറ ദീപം തെളിഞ്ഞു. ക്ഷേത്ര മൂലസ്ഥാനമായ പട്ടമന ഇല്ലത്തെ മൂല കുടുംബക്ഷേത്ര നടയിൽനിന്നും ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി തെളിയിച്ച ദീപം, വാദ്യമേളങ്ങളുടെയും വായ്ക്കുരവകളുടെയും അകമ്പടിയോടെ ക്ഷേത്ര ഗോപുരനടയിൽ പ്രത്യേകം തയ്യാറാക്കിയ വിളക്കിലേക്ക് ക്ഷേത്രകാര്യദർശി മണിക്കുട്ടന്‍ നമ്പൂതിരി പകർന്നു. ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റർ അഡ്വ.കെ.കെ ഗോപാലകൃഷ്ണൻ നായർ, പി.ആർ.ഒ. സുരേഷ് കാവുംഭാഗം, ജയസുര്യ നമ്പൂതിരി, രജ്ഞിത്ത് ബി.നമ്പൂതിരി, രമേശ് ഇളമൺ നമ്പൂതിരി, അജിത്ത് പിഷാരത്ത്, അഡ്വ.പി,എസ്സ്. മുരളിധരൻ നായർ എന്നിവർ പങ്കെടുത്തു.
10നാണ് പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല. പുലർച്ചെ 4ന് ഗണപതിഹോമം 8.30ന് വിളിച്ചുചൊല്ലി പ്രാർത്ഥന, 9ന് ക്ഷേത്രകാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ആദ്ധ്യാത്മികസംഗമം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ഹിന്ദു മഹാമണ്ഡലം പ്രസിഡന്റ് പി.എസ്സ്. നായർ പൊങ്കാല ഉദ്ഘാടനം നിർവഹിക്കും. ദേവസ്വം കമ്മീഷണർ ഹർഷൻ മുഖ്യാഥിതിയാകും. ക്ഷേത്രകാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ദേവിയെ ക്ഷേത്രശ്രീകോവിലിൽ നിന്നും എഴുന്നുള്ളിച്ച് പണ്ടാര പൊങ്കാല അടുപ്പിന് സമീപം എത്തുമ്പോ
ൾ പണ്ടാര അടുപ്പിലേയ്ക്ക് മുഖ്യകാര്യദർശി രാധാകൃക്ഷ്ണൻ നമ്പൂതിരി അഗ്നി പകരും. 11ന് പൊങ്കാല നേദിക്കും. ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടക്കും. വൈകിട്ട് 5.30ന് സാംസ്‌കാരിക സമ്മേളനം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യതിഥിയാകും. സൗത്ത് ആഫ്രിക്കയിൽ എം.പിയായ കേശവം അനിൽ പിള്ളയെ ആദരിക്കും. യു.എൻ. വിദഗ്ധ സമിതി ചെയർമാൻ ഡോ.സി.വി.ആനന്ദബോസ് കാർത്തിക സ്തംഭത്തിൽ അഗ്നി പകരും.