അടൂർ: ചരിത്രപ്രസിദ്ധമായ മണ്ണടി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാലയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ക്ഷേത്രപരിസരത്തും പഴയകാവ് ദേവീക്ഷേത്ര മൈതാനത്തും ഏനാത്ത് കടമ്പനാട് മിനി ഹൈവേയുടെ ഇരുവശത്തും പൊങ്കാല നിവേദ്യമൊരുക്കുന്നതിനുള്ള സൗകര്യം ക്ഷേത്ര ഉപേദേശക സമിതി ഭാരവാഹികൾ ഒരുക്കിയിട്ടുണ്ട്. പൊങ്കാലയ്ക്കാവശ്യമായ കലം,വിറക്,അരി എന്നിവ ദേവസ്വം ഓഫീസിൽ നിന്നും ലഭിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. 10ന് രാവിലെ 7.30ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ വാസു ഭദ്രദീപം തെളിയിച്ച് പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്ന് പൊങ്കാല ഉദ്ഘാടനം ചെയ്യും.പ്രസാദ വിതരണ ഉദ്ഘാടനം പഴയകാവ് മേൽശാന്തി ശിവദാസൻ പോറ്റി നിർവഹിക്കും.10ന് നവഹം 11.30ന് ഉച്ചപൂജ ,ഉച്ചപ്പാട്ട് വൈകിട്ട് 6.15ന് കാർത്തികവിളക്ക്,ദീപാരാധന 8.30ന് കളമെഴുത്തുംപാട്ടും തുടങ്ങിയ ക്ഷേത്രാചാരപ്രകാരമുള്ള പരിപാടികൾ നടക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് അവിനാഷ് പള്ളീനഴികത്ത് സെക്രട്ടറി ആർ.സന്തോഷ്കുമാർ,സബ്ഗ്രൂപ്പ് ഓഫീസർ ജി.ചന്ദ്രവല്ലി എന്നിവർ അറിയിച്ചു.