07-sreenivasswami
ശ്രീനിവാസ് സ്വാമി

ശബരിമല: അഞ്ചുഭാഷകളിൽ അറിയിപ്പു നൽകി ഭക്തർക്ക് സഹായം നൽകുകയാണ് ശ്രീനിവാസ് സ്വാമി. ബാഗ്ലൂർ, മേടഹള്ളി സ്വദേശിയായ ഇദ്ദേഹത്തിന്റെ സേവനം 21 വർഷമായി ഇവിടെയുണ്ട്. ദേവസ്വംപബ്ലിസിറ്റി ആൻഡ് ഇൻഫർമേഷൻ ഓഫീസാണ് സ്വാമിയുടെ കേന്ദ്രം. മാതൃഭാഷയായ കന്നഡ കൂടാതെ തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും അറിയിപ്പുകൾ നൽകുന്നു. അയ്യപ്പഭക്തർ അറിഞ്ഞിരിക്കേണ്ടതും അനുഷ്ഠിക്കേണ്ടതുമായ കാര്യങ്ങൾ വിവിധഭാഷകളിൽ അനൗൺസ് ചെയ്യുക, ഭക്തർ നേരിട്ടും ടെലിഫോണിലും ചോദിക്കുന്ന സംശയങ്ങൾക്ക് മറുപടി നൽകുക, പൂജകളുടേയും വഴിപാടുകളുടേയും വിവരങ്ങൾ മൈക്കിലൂടെ അറിയിക്കുക, കൂട്ടംപിരിഞ്ഞെത്തുന്നവരെ ഉച്ചഭാഷിണിയിലൂടെ അറിയിച്ചുവരുത്തി അവരെ കൂട്ടിയോജിപ്പിക്കുക, കളഞ്ഞുകിട്ടിയ സാധനങ്ങളെപ്പറ്റി മൈക്കിലൂടെ പറഞ്ഞ് ഉടമസ്ഥനെ വരുത്തി തിരികെ നൽകുക എന്നിവയാണ് ശ്രീനിവാസ് സ്വാമിയുടെ പ്രധാന ജോലി. ഇതരസംസ്ഥാനങ്ങളിൽ നിന്ന് ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് അത്താണിയാണ് ശ്രീനിവാസ് സ്വാമി. ബി.എസ്.എഫ്. ജവാനായി ജോലി ചെയ്തിരുന്ന സ്വാമി ഉദ്യോഗം ഉപേക്ഷിച്ച് നാട്ടിലെത്തി ഓട്ടോ ഡ്രൈവറായി ഉപജീവനം തുടങ്ങി. വിവിധസ്ഥാപനങ്ങളിൽ സെക്യൂരിറ്റിയായും ജോലി ചെയ്തു.
ഇപ്പോൾ നാട്ടിൽ മദ്യവിരുദ്ധപ്രവർത്തനങ്ങൾ നടത്തുന്നു. 1998ലാണ് ശബരിമല പി.ആർ.ഒ. ഓഫീസിൽ സേവനത്തിനെത്തിയത്.