പത്തനംതിട്ട: കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ ജനുവരി ഒന്നുമുതൽ ഏപ്രിൽ 15 വരെ ജൈവകൃഷി പ്രോൽസാഹനവും ഭക്ഷ്യവസ്തുക്കളുടെ സ്വയം പര്യാപ്തതയും ലക്ഷ്യമിടുന്ന 450 ദിനകർമ്മ പരിപാടി നടപ്പാക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ തരിശുരഹിത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ കാർഷിക മേഖലയിൽ സ്വയം പര്യാപ്തത നേടാൻ നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു. സർക്കാറിന്റെ ഇടപെടൽമൂലം സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന 97 ശതമാനം പച്ചക്കറിയും വിഷരഹിതമാക്കുന്നതിന് കഴിഞ്ഞു. സർക്കാർ അധികാരം ഏൽക്കുമ്പോൾ സംസ്ഥാനത്ത് നെൽകൃഷിക്ക് അനുയോജ്യമായ ഒരുലക്ഷം ഹെക്ടർ സ്ഥലം തരിശായി കിടക്കുകയായിരുന്നു. ഇതിനു മാറ്റമുണ്ടാക്കി. ഇതിലൂടെ നെൽകൃഷി അഞ്ചരലക്ഷം ടണിൽനിന്ന് ഏഴ് ലക്ഷം ടണായി ഉത്പാദനം വർധിപ്പിക്കാനായി. പച്ചക്കറി ഉത്പ്പാദനം ഏഴരലക്ഷം ടണിൽനിന്ന് പന്ത്രണ്ടരലക്ഷം ടണായി ഉയർത്താനായി. കൃഷി ചെയ്യുന്നതിനെ കുറിച്ച് വിദ്യാർഥികളെ അവബോധമുള്ളവരാക്കി തീർക്കും. ഭക്ഷണം കഴിക്കുന്ന എല്ലാവരും അവർക്ക് കഴിയുന്നതരത്തിൽ വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കാൻ തയാറാകണം.കേരളം ഭക്ഷ്യ ഉത്പാദനത്തിൽ സ്വയം പര്യാപ്തയിലേക്ക് അടുക്കുന്നതായും മന്ത്രി പറഞ്ഞു. സമ്പൂർണ്ണ തരിശുരഹിത പഞ്ചായത്തായി വെച്ചൂച്ചിറയെ പ്രഖ്യാപിക്കുന്ന ഫലകം മന്ത്രി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്​കറിയക്ക് നൽകി. മികച്ച അധ്യാപക പുരസ്​കാരം ലഭിച്ച സാബു പുല്ലാടിനെ മന്ത്രി ആദരിച്ചു. കൃഷിയിൽ മികവ് തെളിയിച്ച കർഷകരെയും മികച്ച പ്രകടനം കാഴ്ച്ചവെച്ച വാർഡുകളെയും മന്ത്രി ആദരിച്ചു.
രാജു എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എം.ജി കണ്ണൻ, റാന്നി ബ്ലോക്ക് മെമ്പർമാരായ ബിബിൻ മാത്യു, മീനു എബ്രഹാം, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്​കറിയ, വൈസ് പ്രസിഡന്റ് ഷാജി തോമസ്, ഹരിത കേരളമിഷൻ ജില്ലാ കോ​ഓർഡിനേറ്റർ ആർ.രാജേഷ്, ഗ്രാമപഞ്ചായത്ത് അംഗളായ പി.ജി മറിയാമ്മ, നിഷ അലക്‌​സ്, സ്​കറിയ ജോൺ, ടി.പി അനിൽകുമാർ, വത്സമ്മ പാറയ്ക്കൽ, ഇ.വി വർക്കി, ജോർജ് പൗവ്വത്തിൽ, ജെയ്‌​നമ്മ തോമസ്, എ.വി മാത്യു, കെ.ശ്രീകുമാർ, എസ്.അമ്പിളി, പൊന്നമ്മ ചാക്കോ, രേണുക മുരളീധരൻ, റാന്നികൃഷി അസിസ്റ്റന്റ് ഡയറക്ടർ മഞ്ചുളാ മുരളീകൃഷ്ണൻ, കൃഷി ഓഫീസർ ട്രീസാ സെലിൻ ജോസഫ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സിറിയക് തോമസ്, റ്റി.കെ ജെയിംസ്, പി.എസ് രവീന്ദ്രൻ, ബിനു തെള്ളിയിൽ, ജോസ് പത്രപാങ്കൽ, രാജൻ തെള്ളിയിൽ, എം.ജെ രാജു, അംബി പള്ളിക്കൽ, ജനറൽ കൺവീനർ സജിമോൻ കടയിനിക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.