പത്തനംതിട്ട: ദേശീയ ഭക്ഷ്യഭദ്രതചട്ടം 2018 അനുസരിച്ച് ജില്ലയിലെ വിജിലൻസ് കമ്മിറ്റി രൂപീകരിച്ച ഉത്തരവിൽ റേഷൻ റീട്ടെയിൽ വ്യാപാരി പ്രതിനിധിയെ ഒഴിവാക്കിയതായി പരാതി. ജില്ലാ കളക്ടർ ചെയർമാനും ജില്ലാ സപ്ലൈ ഓഫീസർ കൺവീനറും, ജില്ലയെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗം, ജില്ലയിൽ നിന്നുള്ള നിയമസഭാ സമാജികർ, ജില്ലയിൽ നിന്ന് നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടകളിൽ നിന്നുള്ള പ്രതിനിധികൾ, മുനിസിപ്പാലിറ്റികളിൽ നിന്ന് ഒരംഗം, ഉപഭോകത സംരക്ഷണ മേഖലയിൽ നിന്നുള്ള അംഗങ്ങൾ, ജില്ലാ തല ഉദ്യോഗസ്ഥ മേധാവികൾ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. ഇതിൽ നിന്നാണ് റേഷൻ വ്യാപാരികളുടെ പ്രതിനിധിയെ ഒഴിവാക്കിയത്.
റേഷൻ മേഖലയിലെ വിതരണം, പ്രവർത്തനം എന്നിവ പ്രധാനമായും, പരിശോധിക്കാനാണ് വിജിലൻസ് കമ്മിറ്റി കൂടുന്നതെന്നും ഇതിൽ നിന്ന് വ്യാപാര പ്രതിനിധിയെ ഒഴിവാക്കിയത് ശരിയായില്ലെന്നും ഓൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാൽ പറഞ്ഞു. ഭക്ഷ്യവകുപ്പ്, സിവിൾ സപ്ലൈസ് കോർപ്പറേഷൻ വഴിയാണ് റേഷൻ സാധനങ്ങൾ കടയിൽ നേരിട്ട് എത്തിക്കുന്നത്. ഇങ്ങനെ എത്തിക്കുന്ന സാധനങ്ങളിൽ തൂക്കക്കുറവ് ഉണ്ടാകുക, മോശം സാധനം കൊടുത്തുവിടുക തുടങ്ങി ഒട്ടേറെ പരാതികൾ നിലവിലുണ്ട്. വിതരണം സംബന്ധിച്ചുള്ള പരാതികൾ വിജിലൻസ് കമ്മിറ്റിയിൽ ചർച്ച ചെയ്യാതിരിക്കാനാണ് റേഷൻ വ്യാപാരി പ്രതിനിധിയെ ഒഴിവാക്കിയതെന്ന് ജോൺസൺ വിളവിനാൽ ആരോപിച്ചു.