മല്ലപ്പള്ളി: ടാറിംഗ് പ്രവർത്തികൾ മാത്രം അവശേഷിക്കുന്ന കാവനാൽക്കടവ് പാലം പൊതുജനങ്ങൾക്കായി ഉടൻ തുറന്നുകൊടുക്കണമെന്ന് താലൂക്ക് സഭ നിർദ്ദേശിച്ചു. എൽ.ഡി.എഫ് കൺവീനർ അലക്‌സ് കണ്ണമലയാണ് ഇത് സംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചത്.കല്ലൂപ്പാറ പഞ്ചായത്തിലെ കല്ലുംപുറത്ത്,ചെങ്ങരൂർ കോളനി നിവാസികൾക്ക് പട്ടയം നൽകണമെന്നും,പി.ഡബ്ല്യൂ.ഡി ഗസ്റ്റ് ഹൗസ് നവീകരിക്കണമെന്നും,മല്ലപ്പള്ളി - ചെറുകോൽപ്പുഴ റോഡിൽ കൊറ്റൻകുടി ഭാഗത്തിന്റെ അറ്റകുറ്റപണികൾ ഉടൻ നടത്തണമെന്നും ഇതേ റോഡിൽ തീയാടിക്കൽ ജംഗ്ഷനിൽ അപകടകരമായി നിൽക്കുന്ന മാവ് വെട്ടിമാറ്റണമെന്നും വികസന സമിതി നിർദ്ദേശിച്ചു. തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യം പരിഹരിക്കുവാൻ നിർദ്ദേശമുണ്ടായെങ്കിലും പഞ്ചായത്ത് ആനിബൽ ബെർത്ത് കൺട്രോൾ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും ഇത് എത്രയും പെട്ടന്ന് പ്രയോജനപ്പെടുത്താവുന്നതാണെന്നും മല്ലപ്പള്ളി പഞ്ചായത്ത് പ്രതിനിധി യോഗത്തിൽ അറിയിച്ചു.അഡ്വ.മാത്യു ടി.തോമസ് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു.തഹസീൽദാർ ടി.എ മധുസൂദനൻ നായർ, ഹബീബ് റാവുത്തർ, ബഹനാൻ ജോസഫ്,സാംകുട്ടി പാലയ്ക്കാമണ്ണിൽ,എം.എം.ബഷീറുകുട്ടി,രാധാകൃഷ്ണപണിക്കർ എന്നിവരും വിവിധ താലൂക്കുതല ഉദ്യോഗസ്ഥരും പങ്കെടുത്തു.