ശബരിമല : 'അതുല്യം അനുപമം വിവരണാതീതം' ഇസ്രയേലിൽ നിന്ന് ആദ്യമായി സന്നിധാനത്തെത്തിയ ഇസ്രയേലുകാരുടെ വാക്കുകളിൽ നിറഞ്ഞത് ശബരിമല സമ്മാനിച്ച അപൂർവ്വാനുഭവം. കാനനവാസന്റെ ശ്രീകോവിൽനടയിൽ നിന്ന് തൊഴുത് പ്രസാദകളഭം തൊട്ട് സോപാനത്ത് എത്തിയ ടെൽ അവീവിൽ നിന്നുള്ള സഞ്ചാരികളായ ഗാബിയും ടാലിയും ഡോവിയും സെവിയും വാചാലരായി. അപ്രതീക്ഷിതമായിരുന്നു ഈ സന്ദർശനമെന്ന് എഴുപത് പിന്നിട്ട അവർ പറഞ്ഞു. ഇസ്രയേലിൽ നിന്നുള്ള ജൂതമത വിശ്വാസികളായ നാലുപേരും എൻജിനീയർമാരാണ്. തമിഴ്‌നാട്ടിൽ മധുര, തഞ്ചാവൂർ, കന്യാകുമാരി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളും മറ്റും സന്ദർശിച്ച ശേഷം തിരുവനന്തപുരത്തെത്തിയ ഇവർ വർക്കല പാപനാശവും കോവളവും പോയ ശേഷമാണ് ശബരിമലയിലേക്ക് യാത്ര തിരിച്ചത്. സന്നിധാനത്തെത്തിയ നാലുപേർക്കും പൊലീസ് സ്‌പെഷ്യൽ ഓഫീസർ ഡോ. എ. ശ്രീനിവാസ് വഴികാട്ടിയായി. ക്ഷേത്രത്തിന്റെ ഐതിഹ്യവും സവിശേഷതയും ആചാരവും അദ്ദേഹം വിശദീകരിച്ചു. ഉച്ചപൂജ സമയത്ത് ദർശനം നടത്തിയ നാലുപേർക്കും മേൽശാന്തി പ്രസാദം നൽകി.

ഇരു മുടിക്കെട്ടുമായി പതിനെട്ടാം പടി ചവിട്ടി സന്നിധാനത്തെത്തുന്ന ആയിരക്കണക്കിന് തീർത്ഥാടകരെ വിസ്മയത്തോടെ അവർ നോക്കി നിന്നു. മറ്റെവിടെയും കാണാത്ത ആചാരാനുഷ്ഠാനങ്ങളിലും ആതിഥ്യമര്യാദയിലും മനം നിറഞ്ഞു. ഇന്ത്യയെക്കെുറിച്ച് വായിച്ചറിഞ്ഞാണ് ഇവിടെ വന്നതെന്നും ദക്ഷിണേന്ത്യ വിസ്മയിപ്പിച്ചുവെന്നും അവർ പറഞ്ഞു. പൊലീസ് നൽകിയ ഭക്ഷണം കഴിച്ച ശേഷമാണ് മലയിറങ്ങിയത്. ഇവർ രണ്ടു ദിവസം കഴിഞ്ഞ് നെടുമ്പാശ്ശേരിയിൽ നിന്ന് ടെൽ അവീവിലേക്ക് പറക്കും. കേരളത്തിന്റെ പ്രകൃതിഭംഗിയും ഭക്ഷണവും ശബരീശ സന്നിധി പകർന്നു നൽകിയ അനുഭവങ്ങളും എന്നും ഓർമയിലുണ്ടാകുമെന്ന് അവർ പറഞ്ഞു.

ഐ.ജി പി.വിജയൻ സന്നിധാനത്ത് ദർശനം നടത്തി
ശബരിമല : 'പുണ്യം പൂങ്കാവനം' പദ്ധതിയുടെ നോഡൽ ഓഫീസർ ഐ.ജി പി. വിജയൻ സന്നിധാനത്ത് ദർശനം നടത്തി. ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി ചവിട്ടിയാണ് ദർശനത്തിന് എത്തിയത്. തുടർന്ന്, 'പുണ്യം പൂങ്കാവനം' പദ്ധതിയുടെ ശുചീകരണ പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കാളിയായി.