തിരുവല്ല: കുറവുകളെല്ലാം മറന്ന് അവർ വേദിയിൽ ആടിപ്പാടി. നൃത്തച്ചുവടുകൾ ചവിട്ടി.വിഭിന്നമായ കഴിവുകളെല്ലാം അവതരിപ്പിച്ചു ആസ്വാദകരെ ആവേശത്തിലാക്കി.ഇരവിപേരൂർ പഞ്ചായത്തിലെ ഗിൽഗാൽ ആശ്വാസഭവനിൽ നടന്ന ഭിന്നശേഷിയുള്ളവരുടെ കലോത്സവം കാഴ്ചക്കാർക്ക് വേറിട്ട അനുഭവമായി.ഡാൻസും,പാട്ടും,പ്രച്ഛന്നവേഷവും മറ്റുമായി ആറ് ഇനങ്ങളിലാണ് മത്സരം അരങ്ങേറിയത്. ലളിതഗാനത്തിന് വീൽചെയറിൽ വന്നവരും സമൂഹനൃത്തത്തിൽ പങ്കെടുത്ത ചിലർക്ക് കേൾവിശക്തി ഇല്ലാത്തതിനാൽ നൃത്താദ്ധ്യാപിക സ്റ്റേജിന്റെ അരികിലിരുന്നു ആംഗ്യഭാഷയിൽ വരികൾ മനസിലാക്കി കൊടുക്കുന്നതും കൗതുകമായി. ഭിന്നശേഷിയിലും ചുറ്റുംനടക്കുന്നതെല്ലാം അവർ മനസിലാക്കുന്നുണ്ടെന്ന് ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു ക്വിസ് മത്സരം.രണ്ടു റൗണ്ടും ഒപ്പത്തിനൊപ്പം മുന്നേറിയ മത്സരാർത്ഥികളിൽ വിജയിയെ കണ്ടെത്താൻ മൂന്നാംറൗണ്ടും വേണ്ടിവന്നു.എല്ലാവർക്കും ഭക്ഷണവും സമ്മാനങ്ങളും വിജയികൾക്ക് പ്രത്യേക സമ്മാനങ്ങളുമായി കലോത്സവം കെങ്കേമമായി. ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി വാർഷിക പദ്ധതിയുടെ ഉൾപ്പെടുത്തി സംഘടിപ്പിച്ച കലോത്സവം കോമഡി സ്റ്റാർ ഫെയിം ഉല്ലാസ് പന്തളം ഉദ്ഘാടനം ചെയ്തു. ഉല്ലാസിന്റെ നാടൻപാട്ടിനൊപ്പം കൈകൊട്ടി അവരെല്ലാം ആർത്തുല്ലസിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനസൂയദേവി അദ്ധ്യക്ഷയായി.വൈസ് പ്രസിഡന്റ് അഡ്വ.എൻ.രാജീവ്,ഐ.സി.ഡി.എസ് സൂപ്പർവൈസർ ലതാകുമാരി,എൽ.പ്രജിത,ജോൺ വർഗീസ്,സാബു ചക്കുമൂട്ടിൽ,ശശിധരൻപിള്ള,ലീലാമ്മ മാത്യു,ബിന്ദു കെ.നായർ, വി.കെ. ഓമനകുട്ടൻ,വി.ടി ശോശാമ്മ,സാലി ജേക്കബ്,പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു.പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ ഭിന്നശേഷിക്കാരെ കൂടാതെ വിവിധ സംഘടനകൾ നടത്തി വരുന്ന 6 സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരും ഉൾപ്പടെ 100 ഓളം പേർ കലോത്സവത്തിൽ പങ്കെടുത്തു.