തിരുവല്ല: ഇന്ത്യൻ ആശയത്തെ സംരക്ഷിക്കണമെങ്കിൽ മതനിരപേക്ഷ വിദ്യാഭ്യാസം സംരക്ഷിക്കണമെന്ന് മുൻ എം.പി എം.ബി രാജേഷ് പറഞ്ഞു. കെ.എസ്.ടി.എ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമേഖലയിൽ ആശാസ്യമല്ലാത്ത പ്രവർത്തനങ്ങളാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ചു ശാസ്ത്രവിരുദ്ധ പ്രവർത്തനങ്ങളും കേന്ദ്രഭരണകൂടം നടത്തുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ മതനിരപേക്ഷതയെ ഇല്ലാതാക്കാനും പൊതുവിദ്യാഭ്യാസ സംവിധാനങ്ങൾ ദുർബലപ്പെടുത്തി വാണിജ്യവൽക്കരണത്തിനും ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.ഹരികുമാറിന്റെ അദ്ധ്യക്ഷതയിൽ എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി എ.ഫിറോസ്, സ്വാഗതസംഘം ചെയർമാൻ ഫ്രാൻസിസ് വി.ആൻറണി, ജോ. സെക്രട്ടറി എൻ.ഡി.വത്സല എന്നിവർ പ്രസംഗിച്ചു. സംസ്ഥാന എക്സി. കമ്മിറ്റിയംഗം ടി.വി.പീറ്റർ സംഘടനാ റിപ്പോർട്ടും ജില്ലാസെക്രട്ടറി രാജൻ ഡി.ബോസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബിനു ജേക്കബ് നൈനാൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം അഡ്വ. സുധീഷ് വെൺപാല ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി പി.ജി ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം രാജു എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് കെ.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.എൻ ശ്രീകുമാർ, സി.ബിന്ദു, സി.ടി.വിജയാനന്ദൻ, രാജൻ ഡി.ബോസ്, കെ.എൻ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ഇന്ന് രാവിലെ 9 30ന് പ്രതിനിധി സമ്മേളനം. 11ന് അനുമോദന സമ്മേളനം പി. ജയരാജൻ എക്സ്.എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് എസ്.രാജേഷ് അദ്ധ്യക്ഷത വഹിക്കും. പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക സ്വർണക്കപ്പ് മത്സര ജേതാക്കൾക്കുള്ള സമ്മാനവിതരണം സി.ഐ.ടി.യു ജില്ലാ ട്രഷറർ അഡ്വ.ആർ.സനൽകുമാർ നിർവഹിക്കും.